ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്‍റെ ആവേശമെങ്ങും അലയടിക്കുകയാണ്
മുംബൈ: ഇന്ത്യ വേദിയാവുന്ന പുരുഷ ഏകദിന ലോകകപ്പിന്‍റെ വേദികളും മത്സരക്രമവും ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ടിക്കറ്റ് വില്‍പന സംബന്ധിച്ച് യാതൊരു ഔദ്യോഗിക വിവരങ്ങളും ഐസിസി പുറത്തുവിട്ടിട്ടില്ല. ഈ ആഴ്ച ടിക്കറ്റ് വില്‍പന തുടങ്ങും എന്ന് നേരത്തെ സൂചന പുറത്തുവന്നിരുന്നെങ്കിലും ഇതുവരെ തിയതി പ്രഖ്യാപിക്കാത്തത് ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്.
ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്‍റെ ആവേശമെങ്ങും അലയടിക്കുകയാണ്. ഒക്ടോബർ 15-ാം തിയതി അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-പാക് പോരാട്ടമാണ് ഏറ്റവും ആകർഷണം. മത്സരക്രമം പ്രഖ്യാപിച്ചതും ഇവിടുത്തെ ഹോട്ടല്‍ റൂമുകളെല്ലാം ആരാധകർ ബുക്ക് ചെയ്തു കഴിഞ്ഞു. എന്നാല്‍ മത്സരത്തിന്‍റെ ടിക്കറ്റ് റൂം ബുക്ക് ചെയ്ത ആരാധകർക്കാർക്കും ഇതുവരെ ലഭിച്ചിട്ടില്ല. ലോകകപ്പ് ടിക്കറ്റ് വില്‍പന ഐസിസി ആരംഭിക്കാത്തതാണ് കാരണം. ഇതോടെ അഹമ്മദാബാദിലും മറ്റ് ലോകകപ്പ് മത്സര നഗരങ്ങളിലും റൂം ബുക്ക് ചെയ്ത ആരാധകർ ടിക്കറ്റ് ലഭിക്കുമോ എന്ന ആശങ്കയിലാണ്. മത്സര വേദികളിലെ ഹോട്ടല്‍ റൂം ബുക്കിംഗിന്‍റെ തിരക്ക് വച്ചുനോക്കുമ്പോള്‍ ടിക്കറ്റ് വില്‍പനയ്ക്കും ആരാധകരുടെ ഇടിച്ചുകയറ്റമുണ്ടാകുമെന്ന് ഉറപ്പ്. എന്നാല്‍ എന്ന് ടിക്കറ്റ് വില്‍പന ആരംഭിക്കും എന്ന് ഐസിസി ഇതുവരെ അറിയിച്ചിട്ടില്ല.
ഏറെക്കുറെ പൂർണമായും ഓണ്‍ലൈന്‍ വഴിയാവും ഇക്കുറി ലോകകപ്പ് ടിക്കറ്റ് വില്‍പന എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. വളരെ ചുരുക്കം ടിക്കറ്റുകളെ ആരാധകർക്ക് കൗണ്ടറുകള്‍ വഴി വാങ്ങാനാകൂ. ഐപിഎല്‍ 2023 സീസണില്‍ പല സ്റ്റേഡിയങ്ങളിലും നീണ്ട ക്യൂവും ഉന്തുംതള്ളും കണ്ടതോടെയാണ് ടിക്കറ്റ് വില്‍പന ഓണ്‍ലൈന്‍ വഴിയാക്കാന്‍ തീരുമാനിച്ചത്. ടിക്കറ്റ് വില്‍പന സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളും ഐസിസി പുറത്തുവിട്ടിട്ടില്ലെങ്കിലും കൊല്‍ക്കത്ത ഈഡന്‍ ഗാർഡന്‍സിലെ ടിക്കറ്റ് നിരക്കുകള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 5 മുതല്‍ നവംബർ 19 വരെ 10 വേദികളിലായാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത്. ഐസിസി വെബ്സൈറ്റിന് പുറമെ മറ്റ് ബുക്കിംഗ് സൈറ്റുകള്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമായിരിക്കും.
Read more: അങ്കങ്ങള്‍ തീപാറും; ഏകദിന ലോകകപ്പിന്‍റെ പുതുക്കിയ മത്സരക്രമം പുറത്തുവിട്ടു
