ഇതിനോടകം തന്നെ ഫ്രാഞ്ചൈസികള്‍ വിദേശ താരങ്ങള്‍ക്കായി ചാർട്ടേഡ് വിമാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍
ഇന്ത്യ - പാകിസ്ഥാൻ അതിർത്തി സംഘർഷം കായികമേഖലയേയും സ്തംഭനത്തിലേക്ക് എത്തിക്കുകയാണ്. ഐപിഎല്‍ മത്സരങ്ങള്‍ ഒരാഴ്‌ചത്തേക്ക് നിർത്തിവെക്കാം എന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയിരിക്കുന്നു. താരങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം എടുത്തിരിക്കുന്നത്. ഇനി ബിസിസിഐക്ക് മുന്നിലുള്ള സാധ്യതകളെന്താണ്, ഐപിഎല്‍ എന്ന് പുനരാരംഭിക്കാനാകും
കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിംഗ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെയാണ് അതിർത്തിയില്‍ ശക്തമായ ഡ്രോണ്‍ ആക്രമണമുണ്ടാകുന്നത്. മത്സരം നടന്നുകൊണ്ടിരുന്ന ധരംശാലയില്‍ നിന്ന് ഏകദേശം 90 കിലോ മീറ്റർ അകലെയുള്ള പ്രദേശങ്ങളിലാണ് സംഭവം. ഇതോടെ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
പഞ്ചാബിന്റെ ഇന്നിങ്സ് പാതി വഴിയിലേക്ക് എത്തിയപ്പോഴാണ് ഇത്തരമൊരു അസാധാരണ സാഹചര്യം. ഇതോടെ സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണയ്ക്കുകയും കാണികളെ പരിഭ്രാന്തരാക്കാതെ കളിയവസാനിപ്പിക്കുകയാണെന്ന വിവരം ഐപിഎല്‍ പ്രതിനിധികള്‍ നേരിട്ടെത്തി അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് താരങ്ങളുടെ ഭാഗത്തു നിന്ന് ആശങ്കകള്‍ ഉയർന്നത്.
വിദേശതാരങ്ങള്‍ പലരും നാട്ടിലേക്ക് മടങ്ങാൻ ബിസിസിഐയെ താല്‍പ്പര്യമറിയിക്കുകയും ചെയ്തു. ഇതോടെയാണ് കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച് ടൂർണമെന്റ് നിർത്തിവെക്കാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. 12 മത്സരങ്ങളാണ് ഇനി ലീഗ് ഘട്ടത്തില്‍ ബാക്കിയുള്ളത്.
ഇതിനോടകം തന്നെ ഫ്രാഞ്ചൈസികള്‍ വിദേശ താരങ്ങള്‍ക്കായി ചാർട്ടേഡ് വിമാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഇത് സംബന്ധിച്ച വിവരങ്ങള്‍ താരങ്ങളുമായി കൈമാറുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉടൻ ഐപിഎല്‍ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ വിരളമാണ്, സംഘർഷം തുടരുകയാണെങ്കില്‍ വിദേശതാരങ്ങള്‍ ലീഗിലേക്ക് മടങ്ങിവരാനും എത്രത്തോളം തയാറാകുമെന്നും പറയാനാകില്ല.
ഐപിഎല്‍ എന്ന് പുനരാരംഭിക്കാൻ കഴിയുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ മുന്നിലുള്ള പ്രധാന ചോദ്യങ്ങളിലൊന്ന്. ഇന്ത്യയുടെ ഈ വര്‍ഷത്തെ കലണ്ടർ പരിശോധിക്കാം. ജൂണ്‍ 20ന് ഇന്ത്യയുടെ 2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇംഗ്ലണ്ട് പര്യടനത്തോടെ തുടക്കമാകും. അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പര അവസാനിക്കുന്നത് ഓഗസ്റ്റ് ആദ്യ വാരത്തിലാണ്. ഓഗസ്റ്റില്‍ ബംഗ്ലാദേശ് പര്യടനം, ശേഷം 2025 ഏഷ്യ കപ്പ്.
ഇവിടെയാണ് ഒരു സാധ്യതയുള്ളത്. സെപ്‌റ്റംബറിലാണ് ഏഷ്യ കപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ടൂർണമെന്റിന്റെ ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നതും. അതിർത്തിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി ഒരു മത്സരത്തിന് തയാറാകാനുള്ള സാധ്യത കുറവാണ്.
ആതിഥേയത്വത്തില്‍ നിന്ന് തന്നെ ഇന്ത്യ പിന്മാറിയേക്കും. ഇത്തരത്തില്‍ കലണ്ടര്‍ മാറി മറിയുകയാണെങ്കില്‍ സെപ്റ്റംബറില്‍ ഐപിഎല്‍ പുനരാരംഭിക്കാനുള്ള സാധ്യതയാണ് കൂടുതലായുമുള്ളത്. എന്നാല്‍, ഇവിടെ ടീമുകള്‍ക്ക് ശക്തിക്ഷയം സംഭവിക്കാനിടയുണ്ട്. വിദേശതാരങ്ങളുടെ അഭാവം വന്നേക്കും. മറ്റ് രാജ്യങ്ങളുടെ കലണ്ടറിനെ ആശ്രയിച്ചിരിക്കും വിദേശതാരങ്ങളുടെ വരവ്.
സെപ്റ്റംബറിന് ശേഷം ഇന്ത്യയുടെ മത്സരങ്ങള്‍ ഒക്ടോബറില്‍ തന്നെ ആരംഭിക്കും. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. ഒക്ടോബറിന്റെ രണ്ടാം പാദത്തില്‍ ഓസ്ട്രേലിയയില്‍ ട്വന്റി 20 പര്യടനം. അഞ്ച് മത്സരങ്ങളാണുള്ളത്. ശേഷം ദക്ഷിണാഫ്രിക്കയുമായി ട്വന്റി 20 പരമ്പര, ഹോം സീരീസ്. പിന്നാലെ ടെസ്റ്റ് പരമ്പരയും, ഇവര രണ്ടും നവംബറിലാണ്. അതുകൊണ്ട് സംഘർഷം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ മാത്രമാണ് മുന്നിലുള്ള വിൻഡൊ.
ഇതിന് മുൻപും ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടി വന്നിട്ടുണ്ട്. കോവിഡ് മഹാമാരി ലോകത്തെയാകെ പിടിച്ചുലച്ച സമയത്ത്. അന്ന് താരങ്ങള്‍ക്കിടയിലും രോഗം പടര്‍ന്നതോടെ ലീഗ് ഘട്ടം 29 മത്സരങ്ങള്‍ പിന്നിട്ടപ്പോളാണ് താല്‍ക്കാലിക നിർത്തിവെക്കലിന്റെ പ്രഖ്യാപനമുണ്ടായത്. ശേഷം മാസങ്ങള്‍ക്കിപ്പുറം സെപ്റ്റംബറില്‍ ദുബായില്‍ ടൂർണമെന്റ് പുനരാരംഭിക്കുകയായിരുന്നു.
ഷെയ്‌ഖ് സായദ് സ്റ്റേഡിയം, ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയായിരുന്നു വേദികള്‍. അത്തരമൊരു ശ്രമത്തിന് ബിസിസിഐ ഇനി തയാറാകാനും സാധ്യതയുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാൻ സൂപ്പര്‍ ലീഗ് യുഎഇയിലേക്ക് മാറ്റിയിട്ടുണ്ട്. അതിനാല്‍ ഉടനൊരു തീരുമാനം ഇക്കാര്യത്തില്‍ ബിസിസിഐ കൈക്കൊണ്ടേക്കില്ല.


