മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ തുടരുകയും വിദേശതാരങ്ങള്‍ മടങ്ങുകയും ചെയ്താല്‍ ടൂര്‍ണമെന്റിലെ മുന്നോട്ട് പോക്ക് ദുഷ്കരമാകുന്ന ടീമുകളുണ്ട്
പഞ്ചാബ് കിംഗ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ധരംശാലയില്‍ നടക്കുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്ഥാൻ സംഘര്‍ഷം തുടരുന്നു. പഞ്ചാബിലുള്‍പ്പെടെ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇതോടെ കളിയുപേക്ഷിക്കാൻ ബിസിസിഐ നിര്‍ബന്ധിതരായി. പത്താൻകോട്ടില്‍ നിന്ന് ഏകദേശം 90 കിലോമീറ്ററോളം ദൂരമുണ്ട് മത്സരം നടക്കുന്ന ധരംശാലയിലേക്ക്. എങ്കിലും, കളിക്കാരുടേയും കാണികളുടേയും സുരക്ഷ മുൻനിര്‍ത്തി പരിഭ്രാന്തി ഉണ്ടാകാത്ത തരത്തിലായിരുന്നു ബിസിസിഐ സാഹചര്യത്തെ കൈകാര്യം ചെയ്തത്.
എന്നാല്‍, സംഘര്‍ഷം താരങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ചും വിദേശതാരങ്ങള്‍ക്കിടയില്‍. വിദേശതാരങ്ങള്‍ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ബിസിസിഐയെ സന്നദ്ധത അറിയിച്ചതായും സൂചനകളുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം കാത്തിരിക്കുകയാണ് ബിസിസിഐ. അതിന് ശേഷമായിരിക്കും ഐപിഎല്ലിന്റെ കാര്യത്തില്‍ അന്തിമതീരുമാനം.
മത്സരങ്ങള്‍ സുരക്ഷിതമായ വേദിയികളിലേക്ക് മാറ്റാം, ടൂര്‍ണമെന്റ് മറ്റൊരു രാജ്യത്തിലേക്ക് പറിച്ചുനടാം, അല്ലെങ്കില്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാം തുടങ്ങിയ ഓപ്ഷനുകളും ബിസിസിഐക്ക് മുന്നിലുണ്ട്. മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ തുടരുകയും വിദേശതാരങ്ങള്‍ മടങ്ങുകയും ചെയ്താല്‍ ടൂര്‍ണമെന്റിലെ മുന്നോട്ട് പോക്ക് ദുഷ്കരമാകുന്ന ടീമുകളുണ്ട്. 12-ാം റൗണ്ടിലേക്ക് ലീഗ് ഘട്ടം എത്തുമ്പോഴും പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരു ടീമിനും സാധിച്ചിട്ടില്ല. 12 മത്സരങ്ങളാണ് ഇനി പ്ലേ ഓഫിന് മുൻപ് നടക്കാനുള്ളതും.
അതുകൊണ്ട് ടീം ബാലൻസില്‍ വീഴ്ചയുണ്ടാകുന്നത് ഫ്രാഞ്ചൈസികളെ സംബന്ധിച്ച് തിരിച്ചടിയാണ്. ലക്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്ന് തുടങ്ങാം. അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കേണ്ട ഘട്ടിത്തിലാണ് ടീം. ലക്നൗവിന്റെ ബാറ്റിംഗ് നിര പൂര്‍ണമായും ആശ്രയിച്ചിരിക്കുന്നത് വിദേശതാരങ്ങളെയാണ്. എയിഡൻ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരാൻ, ഡേവിഡ് മില്ലര്‍. ടീമിന്റെ വിജയങ്ങളിലെല്ലാം നിര്‍ണായകമായത് ഇവരുടെ പ്രകടനങ്ങളായിരുന്നു. അതുകൊണ്ട് പ്ലേ ഓഫ് തുലാസിലായിരിക്കെ ലക്നൗവിന് ഇത് താങ്ങാനാകുന്നതല്ല.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സംബന്ധിച്ച് അവരുടെ തുറുപ്പുചീട്ടുകളാണ് സുനില്‍ നരെയ്‌നും ആന്ദ്രെ റസലും. മുംബൈ ഇന്ത്യൻസ് അല്ലെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ അവശേഷിക്കുന്ന ഒരു മത്സരമെങ്കിലും ജയിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കും. നരെയ്നും റസലിനും പുറമെ ഗുര്‍ബാസും മൊയിൻ അലിയുമുണ്ട്. ഓപ്പണിങ്ങില്‍ ഗൂര്‍ബാസിന് പകരം ടീമിലുള്ളതും വിദേശതാരമായ ക്വിന്റണ്‍ ഡി കോക്കാണ്. മൂന്നാം സ്പിന്നറിനെ ആവശ്യമായ കളികളിലെല്ലാം മൊയിൻ അലിയും ടീമിന്റെ ഭാഗമായിട്ടുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സില്‍ പ്രധാന താരങ്ങളായി ഫാഫ് ഡുപ്ലെസിസ്, ട്രിസ്റ്റൻ സ്റ്റബ്സ്, മിച്ചല്‍ സ്റ്റാര്‍ക്ക്. ഡുപ്ലെസിസ് ഇല്ലാതെയും ഡല്‍ഹി സീസണില്‍ കളത്തിലെത്തിയിട്ടുണ്ട്. സ്റ്റബ്‌സിന്റെ അഭാവം തിരിച്ചടിയാകും. ഡല്‍ഹിയെ പല മത്സരങ്ങളിലും കരയ്ക്കെത്തിച്ചത് സ്റ്റബ്‌സിന്റെ ബാറ്റായിരുന്നു. സ്റ്റാര്‍ക്ക് പകരം വെക്കാനില്ലാത്തവനാണെന്ന് പറയേണ്ടതില്ലെല്ലോ.
മുംബൈ ഇന്ത്യൻസ്. ഓപ്പണിങ്ങില്‍ റിയാൻ റിക്കല്‍ട്ടണ്‍, മധ്യനിരയില്‍ വില്‍ ജാക്‌സ് എന്ന ഓള്‍റൗണ്ടര്‍. ജസ്പ്രിത് ബുംറയുടെ കൂട്ടാളി ട്രെൻ ബോള്‍ട്ട്. പ്രതാപകാലത്തിനോട് ചേര്‍ത്ത് വെക്കാൻ കഴിയുന്ന സീസണ്‍ മുംബൈക്ക് സമ്മാനിക്കുന്നതില്‍ മൂവരും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പോയ സീസണുകളിലെ ബൗളിങ് വീഴ്ചകള്‍ക്ക് പരിഹാരമായത് ബോള്‍ട്ട് വന്നതോടെയാണ്. പകരക്കാരായി യുവതാരങ്ങളുണ്ടെങ്കിലും പരിചയസമ്പത്തും ഗെയിം ടൈമുമുള്ള താരങ്ങളെയാണ് നിലവില്‍ മുംബൈക്ക് ആവശ്യം.
വിദേശതാരങ്ങളുടെ സംഭാവന വലിയശതമാനത്തില്‍ ആവശ്യമായി വരാത്ത സംഘമാണ് പഞ്ചാബ് കിംഗ്‌സിന്റേത്. വിരലില്‍ എണ്ണാവുന്ന മത്സരങ്ങള്‍ മാത്രമാണ് ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കൊ യാൻസണ്‍ എന്നിവര്‍ തിളങ്ങിയിട്ടുള്ളത്. ഗ്ലെൻ മാക്‌സ്‌വെല്‍ പരുക്കുമൂലം പുറത്താകുകയും ചെയ്തു.
റെഡ് ഹോട്ട് ഫോമിലാണ് ബെംഗളൂരു. ജോഷ് ഹേസല്‍വുഡിന്റെ കൃത്യതയെ ഒരിക്കലും മാറ്റിനിര്‍ത്താൻ അവര്‍ക്കാകില്ല, പ്രത്യേകിച്ചും ആദ്യ കിരീടമെന്ന സ്വപ്നത്തിലേക്ക് കുതിക്കുന്ന നാളുകളില്‍. ഇതിനുപുറമെ ടിം ഡേവിഡ്, സീസണിലെ ഏറ്റവും മികച്ച ഫിനിഷറായി വിലയിരുത്തപ്പെടുന്ന താരം. പൊരുതാവുന്ന സ്കോറിലേക്ക് നിമിഷ നേരം കൊണ്ട് ടീമിനെ എത്തിക്കുന്നവൻ, ഒപ്പം റൊമാരിയൊ ഷെപേഡുമുണ്ട്.
ഗുജറാത്ത് ടൈറ്റൻസിന്റെ ത്രിമൂര്‍ത്തികളിലൊരാളാണ് ജോസ് ബട്ട്ലര്‍. സീസണില്‍ 500 റണ്‍സ് നേടിയ താരം. ശുഭ്‌മാൻ ഗില്ലിനും സായ് സുദര്‍ശനും ഓപ്പണിങ്ങില്‍ റിസ്കെടുത്ത് മുന്നോട്ട് പോകാൻ കഴിയുന്നത് ബട്ട്ലര്‍ മധ്യനിരയ്ക്ക് നല്‍കുന്ന സ്റ്റെബിലിറ്റികൊണ്ടാണ്. റാഷിദ് ഖാൻ സീസണിന്റെ അവസനത്തോട് അടുക്കുമ്പോള്‍ തന്റെ മികവിലേക്ക് ഉയരുകയാണ്. റുഥര്‍ഫോഡിനെ ഇംപാക്ട് താരമായാണ് ഗുജറാത്ത് പരീക്ഷിക്കാറുള്ളത്, പലപ്പോഴും അത് അനിവാര്യമായി വരാറുമില്ല.
പ്ലേ ഓഫ് കാണാതെ പുറത്തായ സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ ടീമുകളിലുമുണ്ട് മികവ് പുലര്‍ത്തുന്ന വിദേശ താരങ്ങള്‍. ഹൈദാരാബാദിന്റെ നായകൻ പാറ്റ് കമ്മിൻസ്. ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ, കമിന്ദു മെൻഡിസ് തുടങ്ങിയവര്‍. ചെന്നൈ നിരയില്‍ ഡിവാള്‍ഡ് ബ്രെവിസും നൂര്‍ അഹമ്മദും, രാജസ്ഥാനില്‍ ജോഫ്ര ആര്‍ച്ചര്‍, ഹസരങ്ക, തീക്ഷണ. സീസണ്‍ ജയങ്ങള്‍ക്കൊണ്ട് അവസാനിപ്പിക്കാനൊരുങ്ങുന്ന മൂവര്‍ക്കും ഇത് ഇപ്പോഴത്തെ ആഘാതം വര്‍ധിപ്പിക്കും.


