മുംബൈ: സമൂഹ മാധ്യമങ്ങളില്‍ പലരും സ്വന്തം രൂപം മാറ്റിനോക്കുന്ന തിരക്കിലാണ്. പുതിയൊരു ആപ്പിന്റെ സഹായത്തോടെയാണ് മുഖത്തിന്റെ രൂപം മാറ്റിനോക്കുന്നത്. ഇതിലൂടെ പുരുഷന്റെ മുഖം സ്ത്രീയുടേതും, സ്ത്രീയുടെ മുഖം പുരുഷന്റേതും ആക്കാന്‍ കഴിയും. ഇന്ത്യന്‍ താരം യൂസ്‌വേന്ദ്ര ചാഹലും ഇങ്ങനെയൊരു ശ്രമം നടത്തിനോക്കി. 

സുഹൃത്തും ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമിന്റെ ഉപനായകനുമായ രോഹിത് ശര്‍മയുടെ മുഖമാണ് ചാഹല്‍ മാറ്റിയത്. രോഹിത് ശര്‍മയുടെ സത്രീ രൂപം ഉണ്ടാക്കിയെടുത്ത ചാഹല്‍ ചിത്രം  പുറത്തുവിടുയും ചെയ്തു. 'കാണാന്‍ നല്ല ചന്തമുണ്ട് രോഹിത് ശര്‍മ ഭയ്യാ' എന്ന ചെറു ക്യാപ്ഷനോടെയാണ് ചെഹല്‍ രോഹിത് ശര്‍മയുടെ ചിത്രം പങ്കുവച്ചത്. എന്തായാലും ചിത്രം ആരാധകര്‍ കൂട്ടത്തോടെ ഏറ്റെടുത്തതോടെ സംഭവം വൈറലായി. ഒരു ലക്ഷത്തോളം പേരാണ് ഇതുവരെ ചിത്രം ലൈക്ക് ചെയ്തത്. ഏഴായിരത്തിനടുത്ത് ആളുകള്‍ ഈ ചിത്രം റീട്വീറ്റ് ചെയ്തു.

ട്രോളുകളുമായി ആരാധകരും സജീവമായിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങളുടെ 'സ്ത്രീ രൂപം' സൃഷ്ടിച്ച് അതു കമന്റായി പോസ്റ്റ് ചെയ്ത ആരാധകനുമുണ്ട്. വിരാട് കോലി, ശിഖര്‍ ധവാന്‍, മഹേന്ദ്രസിങ് ധോണി തുടങ്ങി ഇന്ത്യന്‍ ടീമിലെ എല്ലാ താരങ്ങളുടെയും സ്ത്രീരൂപങ്ങളുണ്ട് അതില്‍. സമൂഹമാധ്യമങ്ങളില്‍ പരസ്പരം 'ട്രോളി' കയ്യടി വാങ്ങുന്ന രോഹിത്തും ചെഹലും എന്താലായും ഇത്തവണ ആരാധകര്‍ക്ക് രസകരമായ ഒരു കാഴ്ചയാണൊരുക്കിയത്.