യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഏഴ് മത്സരങ്ങളുടെ പാക്കേജായി ഈ മത്സരത്തിന് ഇപ്പോള്‍ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവും.

ദുബായ്: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ടിക്കറ്റ് വിൽപ്പന തുടങ്ങി. ഇന്നലെ വൈകിട്ട് 5 മണി മുതൽ ഓൺലൈനിൽ ആരംഭിച്ച ടിക്കറ്റിനായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ സ്റ്റേഡിയങ്ങളിലെ കൗണ്ടറുകളില്‍ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങാനും ക്രിക്കറ്റ് പ്രേമികള്‍ക്ക് അവസരമൊരുക്കും. ടൂര്‍ണമെന്‍റിലെ ഇന്ത്യ-പാകിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടത്തിന്‍റെ ടിക്കറ്റിനായാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.

പ്ലാറ്റിനംലിസ്റ്റ്.നെറ്റ് (platinumlist.net) എന്ന വെബ്സൈറ്റിലൂടെ ആരാധകര്‍ക്ക് ഓണ്‍ലൈനായി ഇപ്പോൾ ടിക്കറ്റുകള്‍ വാങ്ങാനാവും. അബുദാബിയിലെ മത്സരങ്ങള്‍ക്ക് 40 ദിര്‍ഹം മുതലും (ഏകദേശം 960 രൂപ) ദുബായിലെ മത്സരങ്ങള്‍ക്ക് 50 ദിര്‍ഹം മുതലുമാണ് (ഏകദേശം1200 രൂപ) ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് ടിക്കറ്റ് നിരക്ക് വേറെ ലെവലാണ്.

ഏഴ് മത്സരങ്ങളുടെ പാക്കേജായി മാത്രമെ ഇപ്പോള്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവു. ഇതിന് 1,400 ദിര്‍ഹം മുതലാണ് (ഏകദേശം 33,613 രൂപ) നിരക്ക്. ഇതു പ്രകാരം ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് പുറമെ യുഎഇയുടെ മത്സരവും കാണാം. സൂപ്പര്‍ ഫോര്‍ റൗണ്ടിലെ നാല് മത്സരങ്ങളും ഫൈനല്‍ മത്സരവും കാണാനും ഈ പാക്കേജിലൂടെ കഴിയും. ഏഴ് മത്സരങ്ങളടങ്ങിയ പാക്കേജില്‍ ഉള്‍പ്പെടാത്ത മറ്റ് മത്സരങ്ങള്‍ക്ക് പ്രത്യേകം ടിക്കറ്റുകള്‍ വാങ്ങാനും അവസരമുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മാത്രമായുള്ള ടിക്കറ്റുകള്‍ പിന്നീട് ലഭ്യമാകുമെന്നാണ് കരുതുന്നത്.

നേരിടുള്ള ടിക്കറ്റുകൾ ദുബായിലെയും അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെയും ഓഫീസുകള്‍ വഴി വരും ദിവസങ്ങളില്‍ ലഭ്യമാകും. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍. സെപ്റ്റംബര്‍ പതിനാലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യാ- പാകിസ്ഥാന്‍ പേരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക