വേഗം കൊണ്ട് ഉമ്രാന്‍ മാലിക്കിനെ പോലുള്ള ബൗളര്‍മാര്‍ മുമ്പും ആരാധകരെ ഞെട്ടിച്ചിട്ടുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ കൂടിയുള്ള മിടുക്കാണ് മായങ്ക് യാദവിനെ വ്യത്യസ്തനാക്കുന്നത്.
ലഖ്നൗ: ഐപിഎല്‍ താരലേലത്തില്‍ കോടിക്കിലുക്കം കൊണ്ട് ഞെട്ടിച്ച താരങ്ങളില്‍ പലരും ഗ്രൗണ്ടില്‍ വമ്പന്‍ നിരാശ സമ്മാനിക്കുമ്പോള്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ടീമിലെത്തി വേഗം കൊണ്ടും ബൗണ്‍സ് കൊണ്ടും എല്ലാറ്റിനുമുപരി വിക്കറ്റ് വീഴ്ത്താനുള്ള മിടുക്കുകൊണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഡൽഹിയിൽ നിന്നുള്ള മായങ്ക് യാദവ്. ഒറ്റ ദിനം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ ഡൽഹി എക്സ്പ്രസായി ഉദിച്ചുയര്‍ന്ന താരം പഞ്ചാബ് കിംഗ്സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ടീമിന്‍റെ വിജയശില്‍പിയുമായി.
നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മായങ്കിന്‍റെ പ്രകടനമാണ് വിജയത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനെ പാതി വഴിയില്‍ പഞ്ചറാക്കിയത്. 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് ഒരു ഘട്ടത്തില്‍ 13.3 ഓവറില്‍ 128-2 എന്ന മികച്ച നിലയിലായിരുന്നു. എന്നാൽ തന്‍റെ രണ്ടാം ഓവറില്‍ ജോണി ബെയര്‍സ്റ്റോയെ(42) വീഴ്ത്തി തുടങ്ങിയ മായങ്ക് പിന്നാലെ പ്രഭ്സിമ്രാന്‍ സിംഗ്(19), ജിതേഷ് ശര്‍മ(6) എന്നിവരെ കൂടി മടക്കി പഞ്ചാബിന്‍റെ നടുവൊടിച്ചു.
ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാല്‍ ടീം എങ്ങനെ ജയിക്കും; ഹാര്‍ദ്ദിക്കിനെനെ വിടാതെ വീണ്ടും ഇർഫാൻ പത്താന്‍
അതോടെ വിജയത്തിലേക്കുള്ള ട്രാക്ക് തെറ്റിയ പഞ്ചാബ് 178 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. വേഗം കൊണ്ട് ഉമ്രാന്‍ മാലിക്കിനെ പോലുള്ള ബൗളര്‍മാര്‍ മുമ്പും ആരാധകരെ ഞെട്ടിച്ചിട്ടുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ കൂടിയുള്ള മിടുക്കാണ് മായങ്ക് യാദവിനെ വ്യത്യസ്തനാക്കുന്നത്. ഇന്നലെ ശിഖര്‍ ധവാനെതിരെ 155.8 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ 21കാരന്‍ മായങ്ക് വേഗം കൊണ്ടായിരുന്നു ആദ്യം ഞെട്ടിച്ചത്.
ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാനവിലയായ 20 ലക്ഷം രൂപക്ക് ലഖ്നൗ ടീമിലെടുത്ത മായങ്ക് ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞതോടെ ഒറ്റ ദിനം കൊണ്ട് സൂപ്പര്‍ താരമായി മാറി. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തന്നെ ലഖ്നൗ ടീമിലെത്തിയിരുന്ന മായങ്കിന് പക്ഷെ തുടയിലേറ്റ പരിക്ക് കാരണം കളിക്കാനായിരുന്നില്ല. മായങ്കിന് പകരം അര്‍പിത് ഗുലേറിയയെ ലഖ്നൗ പിന്നീട് ടീമിലെടുക്കുകയും ചെയ്തിരുന്നു.
ഇതുവരെ 10 ടി20 മത്സരങ്ങങില്‍ നിന്ന് 12 വിക്കറ്റ് മാത്രം വീഴ്ത്തിയ മായങ്കിനെ ഇന്നലെ പഞ്ചാബിനെതിരെ കളിപ്പിക്കാനിറക്കിയപ്പോള്‍ ലഖ്നൗവിന്‍റെ കടുത്ത ആരാധകര്‍ക്ക് പോലും അതാരാണെന്ന് തിരിച്ചറിയാനായില്ല. എന്നാല്‍ താനാരാണെന്ന് ലോകത്തോട് വിളിച്ച് പറയാന്‍ മായങ്കിന് പഞ്ചാബ് ക്യാപ്റ്റനെതിരെ എറിഞ്ഞ ഒറ്റ പന്ത് മതിയായിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കായി കളിക്കുന്ന മായങ്ക് കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിയില്‍ പഞ്ചാബിനെതിരെ ഡല്‍ഹിക്കായി നിര്‍ണായക രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ രഞ്ജി സീസണില്‍ പരിക്കു മൂലം ഒറ്റ മത്സരം പോലും കളിക്കാന്‍ മായങ്കിനായില്ല. ഇന്നലെ അരങ്ങേറ്റ മത്സരത്തില്‍ പത്താം ഓവറിലാണ് ലഖ്നൗ നായകന്‍ നിക്കോളാസ് പുരാന്‍ മായങ്കിനെ പന്തേല്‍പ്പിക്കുന്നത്.
ആദ്യ രണ്ട് പന്തുകള്‍ തന്നെ സ്പീഡ് ഗണ്ണില്‍ 150 കിലോ മീറ്റര്‍ വേഗം കാണിച്ചതോടെ ഇവനാരെടാ എന്നായി ആരാധകരുടെ ചോദ്യം.മായങ്കിന്‍റെ അടുത്ത ഓവറിലെ ആദ്യ പന്ത് ശിഖര്‍ ധവാനെതിരെ 155.8 കിലോ മീറ്റര്‍ വേഗം രേഖപ്പെടുത്തിയതെോടെയാണ് ആരാധകര്‍ ശരിക്കും ഞെട്ടിയത്. പിന്നീട് മൂന്ന് വിക്കറ്റുകള്‍ കൂടി എറിഞ്ഞിട്ടതോടെ 24.75 കോടിക്ക് കൊൽക്കത്ത ടീമിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെക്കാള്‍ ഈ ഐപിഎല്ലില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് ഈ 21കാരന്‍റെ പേരായിരിക്കുമെന്നുറപ്പ്.
