ഐപിഎല്ലിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയതിന് പിന്നാലെ പ്രതികാര നടപടിയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. 

ധാക്ക: കഴിഞ്ഞ ദിവസമാണ് ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കിയെന്ന് ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു നല്‍കിയത്. ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുസ്തഫിസുര്‍. അവര്‍ എന്നെ ഒഴിവാക്കിയാല്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും എന്നായിരുന്നു സംഭവത്തില്‍ ഒരു ബംഗ്ലദേശ് സ്‌പോര്‍ട്‌സ് മാധ്യമത്തോട് മുസ്തഫിസുറിന്റെ പ്രതികരണം.

ഇപ്പോള്‍ പ്രതികാര നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അടുത്ത മാസം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ ബംഗ്ലാദേശ് തയ്യാറാവില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതിനുപുറമെ ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ സംപ്രേഷണം ചെയ്യില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുസ്തഫിസുറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് 2026ലെ ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ നടക്കേണ്ട തങ്ങളുടെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ബംഗ്ലാദേശ് ഒരുങ്ങുന്നത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിന്റെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി ഏഴിനാണ് ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ആദ്യ മത്സരം.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിന് ശേഷം ഫെബ്രുവരി 9ന് ഇറ്റലിയെയും ഫെബ്രുവരി 14ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് നേരിടും. ഈ മത്സരങ്ങളെല്ലാം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ്. ഫെബ്രുവരി 17ന് നേപ്പാളിനെതിരായ മത്സരത്തിന്റെ വേദി മുംബൈ വാംഖഡെ സ്റ്റേഡിയം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയിലെത്താന്‍ വിസമ്മതിച്ചാല്‍ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റേണ്ടിവരും.

YouTube video player