പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളെ എടുത്താല്‍ ടി20 ക്രിക്കറ്റിന്‍റെ കാലത്ത് കളിക്കുന്ന ക്യാപ്റ്റന്‍ ബാബര്‍ അസമോ മുന്‍ നായകന്‍ ഷാദിഹ് അഫ്രീദിയോ ഒന്നുമല്ല ഏറ്റവും ധനികനായ താരമെന്നതാണ് രസകരമായ വസ്തുത.

കറാച്ചി: ടി20 ക്രിക്കറ്റിന്‍റെയും ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെയും വരവോടെ ക്രിക്കറ്റ് താരങ്ങളുടെ വരുമാനത്തില്‍ കഴിഞ്ഞ ഒരു ദകത്തിനിടെ വന്‍ വര്‍ധനയാണ് ഉണ്ടായത്. കളിയില്‍ നിന്നുള്ള വരുമാനത്തിന് പുറമെ പരസ്യ കരാറുകളിലൂടെയും താരങ്ങള്‍ കോടികളാണ് സമ്പാദിക്കുന്നത്. ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ ആസ്തി 1000 കോടി കടന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. എം എസ് ധോണിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് ആയിരം കോടിക്ക് മുകളില്‍ ആസ്തിയുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളെ എടുത്താല്‍ ടി20 ക്രിക്കറ്റിന്‍റെ കാലത്ത് കളിക്കുന്ന ക്യാപ്റ്റന്‍ ബാബര്‍ അസമോ മുന്‍ നായകന്‍ ഷാദിഹ് അഫ്രീദിയോ ഒന്നുമല്ല ഏറ്റവും ധനികനായ താരമെന്നതാണ് രസകരമായ വസ്തുത. നിലവില്‍ പാക് താരങ്ങളില്‍ ഏറ്റുവും കൂടുതല്‍ വരുമാനമുള്ള ക്രിക്കറ്റര്‍ ബാബര്‍ അസമാണെങ്കിലും സമ്പത്തിന്‍റെ കാര്യത്തില്‍ ഒന്നാമത് പാക്കിസ്ഥാന് ആദ്യ ലോകകപ്പ് സമ്മാനിച്ച, മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാനാണ്.

1992ലെ ലോകകപ്പില്‍ പാക്കിസ്ഥാന് ആദ്യ ലോകകപ്പ് കിരീടം സമ്മാനിച്ച ഇമ്രാന്‍ പിന്നീട് കമന്‍റേറ്ററായും കോളമിസ്റ്റായും പ്രവര്‍ത്തിച്ചു. അതിനുശേഷം പല ബിസിനസുകളിലും പങ്കാളിയായ ഇമ്രാന്‍ പിന്നീട് രാഷ്ട്രീയത്തിലിറങ്ങി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി വരെയായി. പാക്കിസ്ഥാനി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇമ്രാന്‍റെ ആസ്തി 10.2 ബില്യണ്‍ പാക്കിസ്ഥാനി രൂപ(ഏകദേശം 290 കോടി ഇന്ത്യന്‍ രൂ) ആണ്. ക്രിക്കറ്റില്‍ നിന്നുള്ള വരുമാനത്തെക്കാള്‍ പരസ്യങ്ങളില്‍ നിന്നും വിവിധ ബിസിനസുകളില്‍ നിന്നുമാണ് ഇമ്രാന്‍റെ പ്രധാനം വരുമാമനെമെന്നും പാക് മാധ്യമങ്ങള്‍ പറയുന്നു.

രാജസ്ഥാനില്‍ സഞ്ജുവിന്‍റെ സഹതാരം, ഇന്ത്യന്‍ ക്രിക്കറ്റിലെ അതിസമ്പന്നന്‍; പക്ഷെ ഈ താരത്തെ പിന്നീട് കണ്ടവരില്ല

290 കോടി രൂപയുടെ ആസ്തിയുണ്ടെങ്കിലും ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള വിരാട് കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ കോലിയുടെ സമ്പത്തിന്‍റെ നാലിലൊന്ന് മാത്രമാണ് ഇമ്രാന്‍ ഖാന്‍റെ ആസ്തി. തോഷഖാന അഴിമതിക്കേസില്‍ കഴിഞ്ഞ ദിവസാണ് കോടതി ഇമ്രാനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച് ജയിലില്‍ അടച്ചത്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും ഇമ്രാന് അഞ്ച് വര്‍ഷ വിലക്ക് നേരിടണം.