രോഹിത് ശർമ്മയുടെ ടെസ്റ്റ് നായകസ്ഥാനം അനിശ്ചിതത്വത്തിലാണ്, പകരക്കാരനെ തേടുകയാണ് ബിസിസിഐ.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആരാവും ഇന്ത്യന്‍ ക്യാപ്റ്റന്‍. സെലക്ഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തലമുറ മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ക്രമത്തിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് തുടക്കമാവുക ജൂണ്‍ 20ന് അരംഭിക്കുന്ന പരമ്പരയോടെ. ഈ പരമ്പരയില്‍ ആരാവും ഇന്ത്യയെ നയിക്കുക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരന്പരയിലെ വന്‍തോല്‍വിയോടെ രോഹിത് ശര്‍മ്മ ടെസ്റ്റ് നായക സ്ഥാനത്ത് തുടരാനുള്ള സാധ്യത വളരെ കുറവ്. 

ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റില്‍ 31 റണ്‍സ് മാത്രം നേടിയ രോഹിത് ബാറ്റിംഗ്ക്രമത്തില്‍ പിന്നോട്ടിറങ്ങിയിട്ടും രക്ഷയില്ലാതെ വന്നതോടെ അവസാന ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നു. ഇതിന് ശേഷം ചാമ്പ്യന്‍സ് ട്രോഫി നേടി, കരുത്ത് വീണ്ടെടുത്തെങ്കിലും ടെസ്റ്റില്‍ രോഹിത്തിന്റെ ഭാവി തുലാസില്‍. രോഹിത്തിന് പകരം ടീമിനെ നയിച്ച ജസ്പ്രിത് ബുമ്രയ്ക്ക് നിരന്തരം പരിക്കേല്‍ക്കുന്നതിനാല്‍ പുതിയൊരു നായകനെ തേടുകയാണ് ടീം ഇന്ത്യ. ടീമിലെ മുതിര്‍ന്നൊരു താരം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ബിസിസിഐ നിരസിച്ചു. 

ദീര്‍ഘകാലത്തേക്ക് ടീമിനെ നയിക്കാന്‍ ശേഷിയുള്ള താരത്തേയാണ് കോച്ച് ഗൗതം ഗംഭീറും ബിസിസിഐയും പരിഗണിക്കുന്നത്. ഇതാരെന്ന് അറിയാനാണ് ആകാംക്ഷ. ശുഭ്മന്‍ ഗില്ലിനെ നായകനായി ഒരുക്കിയെടുക്കുന്ന ബിസിസിഐ ഇംഗ്ലണ്ട് പര്യടനത്തില്‍ യുവതാരത്തെ വൈസ് ക്യാപ്റ്റനായി നിയമിക്കും. നിലവില്‍ ഏകദിന, ട്വന്റി ടീമുകളുടെ വൈസ് ക്യാപ്റ്റനാണ് ഇരുപത്തിയഞ്ചുകാരനായ ശുഭ്മന്‍ ഗില്‍. ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കുമെതിരെ പരമ്പരകളില്‍ തോറ്റതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യന്‍ ടീമിന് ഏറെ നിര്‍ണായകമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രോഹിത് തുടരുകയാണെങ്കില്‍ ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കാനാണ് സാധ്യത. 

അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ എവേ വിജയങ്ങള്‍ക്ക് കൂടുതല്‍ പോയന്റ് ലഭിക്കുമെന്നതിനാല്‍ ഇന്ത്യക്ക് അഞ്ച് മത്സര പരമ്പരയില്‍ മികവ് കാട്ടേണ്ടത് അനിവാര്യമാണ്. 32 ടെസ്റ്റില്‍ ഗില്‍ നേടിയത് 1893 റണ്‍സ്. ഇന്ത്യയില്‍ 1177ഉം വിദേശത്ത് 659ഉം റണ്‍സ് നേടിയിട്ടുള്ള ഗില്ലിന്റെ കരിയറിലെ ഏറ്റവും നിര്‍ണായക പരമ്പരയായിരിക്കും ജൂണില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുക. സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റന്‍.