ഇന്ത്യ, പാകിസ്ഥാന്‍, ഓസീസ്; ലോകകപ്പിന് മുമ്പ് റാങ്കിംഗില്‍ ആര് ഒന്നാമതെത്തും? മൂന്ന് ടീമുകളുടേയും സാധ്യതകള്‍
ഇനി ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുക 22ന് തുടങ്ങുന്ന ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയാണ്. ടീമുകളുടെ സാധ്യത ഇങ്ങനെ. മൊഹാലിയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഓസീസിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യ ഒന്നാമതാകും.

ദുബായ്: ഐസിസി റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായി ലോകകപ്പ് ക്രിക്കറ്റിന് എത്തുന്നത് ആരായിരിക്കും. നിലവില്‍ ഒന്നാമതുള്ള പാകിസ്ഥാനോ, അതോ ഇന്ത്യയോ ഓസ്‌ട്രേലിയയോ? വെള്ളിയാഴ്ച തുടങ്ങുന്ന ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പര ഇതിന് ഉത്തരം നല്‍കും. ഏഷ്യാ കപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഏകദിന റാങ്കിംഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് പാകിസ്ഥാന്‍ തന്നെയാണ്. 114.88 പോയിന്റ്. രണ്ടാമത് ഇന്ത്യയും മൂന്നാമത് ഓസ്‌ട്രേലിയയുമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഏകദിന പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഓസ്‌ടേലിയ മുന്നിലെത്തിയേനെ.
ഇനി ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുക 22ന് തുടങ്ങുന്ന ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയാണ്. ടീമുകളുടെ സാധ്യത ഇങ്ങനെ. മൊഹാലിയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഓസീസിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യ ഒന്നാമതാകും. ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1നെങ്കിലും ഇന്ത്യ സ്വന്തമാക്കുകയും വേണം. ഇന്ത്യക്കെതിരെ 3-0ന്റെ വൈറ്റ് വാഷ് ഓസ്‌ട്രേലിയ സ്വന്തമാക്കുകയാണെങ്കില്‍ ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം കംഗാരുപ്പടയ്ക്ക് സ്വന്തം.
2-1ന്റെ പരമ്പര ജയമാണ് ഓസീസിനെങ്കില്‍ നേട്ടം പാകിസ്ഥാനാണ്. ഒന്നാം സ്ഥാനം ബാബര്‍ അസമിനും കൂട്ടര്‍ക്കും നഷ്ടമാകില്ല. ഇന്ത്യ രണ്ടാം സ്ഥാനത്തും ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും തുടരും. അതിനാല്‍ ഓസീസിനെതിരായ പരമ്പര ജയത്തോടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരെന്ന ആത്മവിശ്വാസത്തോടെ ലോകകപ്പിന് എത്തുകയാണ് രോഹിത്ത് ശര്‍മ്മയുടെയും സംഘത്തിന്റെയും ലക്ഷ്യം. അടുത്ത മാസം അഞ്ചിനാണ് ഇന്ത്യ വേദിയാകുന്ന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാവുക.
ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍.
അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.