Asianet News MalayalamAsianet News Malayalam

ആരാവും ക്യാപ്റ്റന്‍ രോഹിത്തിന്‍റെ പിന്‍ഗാമി; പേരുകളുമായി പാര്‍ഥീവ് പട്ടേല്‍

രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍

Who will captain Team India after Rohit Sharma Parthiv Patel answers
Author
Delhi, First Published Aug 14, 2022, 2:17 PM IST

ദില്ലി: കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍മാരുടെ പ്രളയമാണ്. കഴിഞ്ഞ 10 മാസത്തിനിടെ തന്നെ കെ എല്‍ രാഹുല്‍, വിരാട് കോലി, രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ജസ്പ്രീത് ബുമ്ര, ശിഖര്‍ ധവാന്‍ എന്നിങ്ങനെ എട്ട് ക്യാപ്റ്റന്‍മാര്‍ ടീം ഇന്ത്യയെ നയിച്ചു. കോലിയും ധവാനുമടക്കമുള്ള സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ആരാകും രോഹിത് ശര്‍മ്മയുടെ പിന്‍ഗാമി. 

ഇന്ത്യന്‍ ക്യാപ്റ്റന്‍സിയില്‍ രോഹിത് ശര്‍മ്മയുടെ പിന്‍ഗാമി ആരാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥീവ് പട്ടേല്‍. 'റിഷഭ് പന്തും കെ എല്‍ രാഹുലും ക്യാപ്റ്റന്‍മാരാകാനുള്ള വളര്‍ച്ചയിലാണ്. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഓരോ മത്സരം കഴിയുംതോറും അവരുടെ ക്യാപ്റ്റന്‍സി മെച്ചപ്പെടുന്നു. അടുത്ത ക്യാപ്റ്റനായി ഇവരെയാവും പരിഗണിക്കുക. ജസ്പ്രീത് ബുമ്ര ഗുജറാത്തിനായി അരങ്ങേറിയത് എന്‍റെ ക്യാപ്റ്റന്‍സിയിലാണ്. അതിനാല്‍ അദ്ദേഹവുമായി ഏറെത്തവണ സംസാരിക്കാനായിട്ടുണ്ട്. ഒരു ബാറ്ററെ പുറത്താക്കാനുള്ള പദ്ധതിയൊരുക്കുന്നതില്‍ നിന്ന് അദ്ദേഹത്തിന്‍റെ തന്ത്രങ്ങളുടെ കരുത്തറിയാം. അതിനാല്‍ ഇന്ത്യന്‍ ക്യാപ്റ്റനാകാനുള്ള ശേഷി ബുമ്രക്കുണ്ട്' എന്നും പാര്‍ഥീവ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.  

രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ സിംബാബ്‌വെ പര്യടനത്തില്‍ രാഹുലാണ് ഇന്ത്യയെ നയിക്കുക. ശിഖര്‍ ധവാനാണ് ഉപനായകന്‍. നേരത്തെ ധവാനെയായിരുന്നു ഈ പരമ്പരയ്‌ക്കായി പ്രഖ്യാപിച്ചിരുന്നത്. ഫിറ്റ്‌നസ് തെളിയിച്ച് കെ എല്‍ രാഹുല്‍ എത്തിയതോടെയാണ് അപ്രതീക്ഷിതമായി ക്യാപ്റ്റനെ സെലക്‌ടര്‍മാര്‍ മാറ്റിയത്. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

ധവാനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് തെറിപ്പിച്ചത് നിഗൂഢം, ചോദ്യചിഹ്നം; തുറന്നടിച്ച് മുന്‍ സെലക്‌ടര്‍

Follow Us:
Download App:
  • android
  • ios