സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രോഹിത്തിനായില്ലെങ്കിലും, നിർണായക ഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനറിയാമെന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നു.

ദില്ലി: മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ പ്ലേ ഓഫില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 18-ാം സീസണില്‍ അത്ര മികച്ച ഫോമിലല്ല താരം. 13 ഇന്നിംഗ്സുകളില്‍ നിന്ന് 27.41 ശരാശരിയിലും 147.53 സ്‌ട്രൈക്ക് റേറ്റിലും 329 റണ്‍സാണ് രോഹിത് നേടിയത്. മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പൂജ്യത്തോടെയാണ് അദ്ദേഹം സീസണ്‍ ആരംഭിച്ചത്. ആദ്യ ഏഴ് ഇന്നിംഗ്സുകളില്‍ തുടര്‍ച്ചയായി ചെറിയ സ്‌കോറുകള്‍ മാത്രമാണ് നേടിയത്.

ഇതിനിടെയാണ് രോഹിത്തിനെ പിന്തുണച്ച് ആകാശ് ചോപ്ര രംഗത്ത് വന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''രോഹിത് ക്യാപ്റ്റനല്ലാത്തതുകൊണ്ട് ഇപ്പോള്‍ ബാറ്റ് കെണ്ട് മാത്രമെ മറുപടി നല്‍കാന്‍ സാധിക്കൂ. ടീമിനെ നന്നായി നയിക്കണമെന്ന് ഇപ്പോള്‍ അദ്ദേഹത്തോട് പറയാന്‍ കഴിയില്ല. അത്ര മികച്ചതായിരുന്നില്ല ഇത്തവണ രോഹിത്തിന്റെ പ്രകടനം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹം തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടി. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ നിരാശപ്പെടുത്തി. വലിയ സ്‌കോറുകള്‍ നേടിയിട്ടില്ല എന്നതാണ് സത്യം. പക്ഷേ നിര്‍ണായക ഘട്ടങ്ങളില്‍ രോഹിത്തിന് എങ്ങനെ കളിക്കണമെന്നറിയാം. അതുകൊണ്ടുതന്നെ രോഹിത് പ്ലേ ഓഫില്‍ ഫോമിലേക്ക് തിരിച്ചെത്തും.'' ആകാശ് വ്യക്തമാക്കി.

ഐപിഎല്‍ പ്ലേ ഓഫുകളില്‍ ഓര്‍ത്തിക്കാന്‍ പോന്ന രണ്ട് ഇന്നിംഗ്‌സുകള്‍ മാത്രമാണ് രോഹിത്തിന്റെ പേരിലുള്ളത്. അത് രണ്ടും ഫൈനലിലായിരുന്നു. 21 ഇന്നിംഗ്സുകളില്‍ നിന്ന് 15.80 ശരാശരിയിലും 108.96 സ്‌ട്രൈക്ക് റേറ്റിലും വെറും 316 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. രണ്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 2015, 2020 പതിപ്പുകളിലെ മുംബൈയുടെ ഏറ്റവും പ്രധാനപ്പെട്ട ഫൈനലിലാണ് രോഹിത്തിന്റെ രണ്ട് അര്‍ദ്ധസെഞ്ച്വറികളും പിറന്നത്. 2015ലെ ഫൈനലില്‍ ചെന്നൈക്കെതിരെ അദ്ദേഹം 26 പന്തില്‍ 50 റണ്‍സ് നേടി മുംബൈയെ അവരുടെ രണ്ടാം കിരീടത്തിലേക്ക് നയിച്ചു. അന്ന് പ്ലെയര്‍ ഓഫ് ദ മാച്ചും രോഹിത്തായിരുന്നു. 

എസിസി ഇവന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതായിരുന്നു. 2023ലെ ഏകദിന ലോകകപ്പിന് ശേഷം, നോക്കൗട്ട് ഘട്ടങ്ങളിലെ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് രോഹിത് 44 ശരാശരിയിലും 122.22 സ്‌ട്രൈക്ക് റേറ്റിലും 264 റണ്‍സ് നേടിയിട്ടുണ്ട്, രണ്ട് അര്‍ധ സെഞ്ച്വറികളും രോഹിത്തിന്റെ പേരിലുണ്ട്.