ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ലയണ്‍സ് ആദ്യം പന്തെടുക്കാന്‍ തീരുമാനിച്ചു. മലയാളി താരം കരുൺ നായർ മൂന്നാമനായി കളിക്കും.

ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ ആദ്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ലയണ്‍സ് ആദ്യം പന്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഭിമന്യൂ ഈശ്വരന്‍ നയിക്കുന്ന ടീമില്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണുള്ളത്. ഹര്‍ഷ് ദുബെയാണ് ടീമിലെ ഏക സ്പിന്നര്‍. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ടീമിലുണ്ട്. ധ്രുവ് ജുറലാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷന് അവസരം ലഭിച്ചില്ല. അഭിമന്യവിനൊപ്പം, യശസ്വി ജയ്‌സ്വാള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മലയാളി താരം കരുണ്‍ നായര്‍ മൂന്നാമനായി കളിക്കും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ എ: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കരുണ് നായര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ താക്കൂര്‍, ഹര്‍ഷ് ദുബെ, അന്‍ഷുല്‍ കാംബോജ്, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍.

ഇംഗ്ലണ്ട് ലയണ്‍സ്: ടോം ഹെയ്ന്‍സ്, ബെന്‍ മക്കിന്നി, എമിലിയോ ഗേ, മാക്സ് ഹോള്‍ഡന്‍, ജെയിംസ് റൂ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഡാന്‍ മൗസ്ലി, റെഹാന്‍ അഹമ്മദ്, സമാന്‍ അക്തര്‍, എഡ്ഡി ജാക്ക്, ജോഷ് ഹള്‍, അജീത് ഡെയ്ല്‍.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് മത്സരപരിചയം ലക്ഷ്യമിട്ടാണ് യശസ്വീ ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, അഭിമന്യൂ ഈശ്വരന്‍, ധ്രുവ് ജുറല്‍, കരുണ്‍ നായര്‍, ആകാശ് ദീപ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരെ സെലക്ടര്‍മാര്‍ ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളി താരം കരുണ്‍ നായര്‍ ഒഴികെയുള്ളവര്‍ക്കെല്ലാം ഇംഗ്ലണ്ടില്‍ ആദ്യ പരമ്പരയാണിത്. റുതുരാജ് ഗെയ്ക്‌വാദ്, സര്‍ഫറാസ് ഖാന്‍, ഇഷാന്‍കിഷന്‍, ഹര്‍ഷിത് റാണ, ഖലില്‍ അഹമ്മദ് തനുഷ് കൊട്ടിയാന്‍ തുടങ്ങിയവരും ഇന്ത്യന്‍ എ ടീമിലുണ്ട്.രോഹിത് ശര്‍മ്മയും വിരാട് കോലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ റെഡ് ബോള്‍ പരമ്പരയാണിത്. 

മത്സരം സമയം, കാണാനുള്ള വഴികള്‍

ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് (പ്രാദേശിക സമയം 11 മണിക്ക്) ആണ് മത്സരം തുടങ്ങുക. മത്സരം ടെലിവിഷനില്‍ കാണാനാവില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ആപ്പിലും ലൈവ് സ്ട്രീമിംഗില്‍ മാത്രമാണ് മത്സരം കാണാനാകുക.