വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് മുഹമ്മദ് സിറാജിനെ റിലീസ് ചെയ്തു

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ടീം ഇന്ത്യ മൂന്ന് മാറ്റങ്ങളുമായി ഇറങ്ങിയപ്പോള്‍ ശ്രദ്ധേയമായ അസാന്നിധ്യം പേസര്‍ മുഹമ്മദ് സിറാജിന്‍റെതായിരുന്നു. സിറാജിന് പകരം പേസറായി മുകേഷ് കുമാറാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ പേസ് മഴ പെയ്യിക്കാന്‍ മുഹമ്മദ് സിറാജ് എന്തുകൊണ്ട് ഇല്ല എന്ന് പിന്നാലെ ആരാധകരെല്ലാം തിരക്കി. ഈ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. 

സമീപകാലത്തെ മത്സരാധിക്യവും ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ വിസ്തൃതിയും പരിഗണിച്ച് മുഹമ്മദ് സിറാജിന് വിശ്രമം നല്‍കുകയായിരുന്നു എന്നാണ് ബിസിസിഐ വിശദീകരണം. 'വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് മുഹമ്മദ് സിറാജിനെ റിലീസ് ചെയ്തു. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുണ്ട് എന്നതും സമീപകാലത്ത് സിറാജ് ഏറെ മത്സരങ്ങള്‍ കളിച്ചു എന്നതും പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്. രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ മുഹമ്മദ് സിറാജ് സെലക്ഷന് ലഭ്യമായിരിക്കും. രണ്ടാം ടെസ്റ്റിലേക്കുള്ള സ്ക്വാഡില്‍ ആവേഷ് ഖാന്‍ മടങ്ങിയെത്തി' എന്നും ബിസിസിഐയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

വിശാഖപട്ടണം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ദിനം രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ 38 ഓവറില്‍ 122-2 എന്ന സ്കോറിലാണ് ടീം ഇന്ത്യ. യശസ്വി ജയ്സ്വാളും (58*), ശ്രേയസ് അയ്യരുമാണ് (16*) ക്രീസില്‍. ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മ, വണ്‍ഡൗണ്‍ പ്ലെയര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് 41 പന്തില്‍ 14 റണ്‍സെടുത്ത് ഷൊയ്‌ബ് ബാഷിറിനും ഗില്‍ 46 ബോളില്‍ 34 റണ്‍സുമായി വെറ്ററന്‍ ജിമ്മി ആന്‍ഡേഴ്‌സണും വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 

Read more: 'കാല്‍ മുറിക്കേണ്ടി വരുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു'; കാര്‍ അപകടം ഓര്‍ത്തെടുത്ത് റിഷഭ് പന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം