കാനഡയ്ക്കും മെക്സിക്കോയ്ക്കുമൊപ്പം സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ ആദ്യ മത്സരം കാണാന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സ്റ്റേഡിയത്തിൽ എത്തില്ല.
ലോസ് ആഞ്ചൽസ്: മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ 2026 ഫിഫ ലോകകപ്പിന് ആവേശകരമായ തുടക്കമായതിന് പിന്നാലെ, കായിക ലോകത്തിന്‍റെ ശ്രദ്ധ ഇനി അമേരിക്കയുടെ ആദ്യ പോരാട്ടത്തിലേക്ക്. നാളെ പുലര്‍ച്ചെ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആതിഥേയരായ അമേരിക്ക, പാരാഗ്വായെയാണ് നേരിടുന്നത്. ലോസ് ആഞ്ചൽസ് സ്റ്റേഡിയത്തിലാണ് മത്സരം.
എന്നാൽ, കാനഡയ്ക്കും മെക്സിക്കോയ്ക്കുമൊപ്പം സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ ആദ്യ മത്സരം കാണാന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സ്റ്റേഡിയത്തിൽ എത്തില്ല. തിരക്കുപിടിച്ച ഔദ്യോഗിക ഷെഡ്യൂൾ കാരണമാണ് ട്രംപ് മത്സരം കാണാൻ വരാത്തതെന്ന് എന്ന് ലോകകപ്പ് ടാസ്‌ക് ഫോഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ആൻഡ്രൂ ജൂലിയാനി സ്ഥിരീകരിച്ചു.
വാരാന്ത്യത്തിൽ വാഷിംഗ്ടൺ ഡി.സിയിലേക്ക് മടങ്ങുന്ന ട്രംപ്, ഞായറാഴ്ച വൈറ്റ് ഹൗസിൽ വെച്ച് നടക്കുന്ന യുഎഫ്‌സി ഫ്രീഡം 250' മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഈ ദിവസം തന്നെയാണ് അമേരിക്കയുടെ പതാക ദിനവും, പ്രസിഡന്‍റിന്‍റെ എൺപതാം ജന്മദിനവും വരുന്നത്. ഉദ്ഘാടന മത്സരം നഷ്ടമാകുമെങ്കിലും ടൂർണമെന്‍റിലുടനീളം പ്രസിഡന്‍റിന്‍റെ സജീവമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകുമെന്ന് ജൂലിയാനി കൂട്ടിച്ചേർത്തു.
പ്രതീക്ഷകളുടെ സമ്മർദ്ദത്തിൽ അമേരിക്ക
ആതിഥേയരെന്ന നിലയിലുള്ള വലിയ ജനപ്രതീക്ഷകളുടെ സമ്മർദ്ദവുമായാണ് മൗറീഷ്യോ പൊചെറ്റീന്യോയുടെ കീഴിൽ അമേരിക്ക ആദ്യ മത്സരത്തിന് ബൂട്ട് കെട്ടുന്നത്. ടൂർണമെന്‍റിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ സെനഗലിനെ 3-2 ന് പരാജയപ്പെടുത്തിയ ആത്മവിശ്വാസം അമേരിക്കൻ നിരയ്ക്കുണ്ട്. തങ്ങളുടെ ടീം ശാരീരികമായും തന്ത്രപരമായും മാനസികമായും ഈ വലിയ വെല്ലുവിളി നേരിടാൻ സജ്ജമാണെന്ന് കോച്ച് പൊചെറ്റീന്യോ വ്യക്തമാക്കി.
മത്സരത്തിൽ അമേരിക്കയ്ക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നതെങ്കിലും പാരാഗ്വായെ നിസ്സാരക്കാരായി കാണാൻ കഴിയില്ലെന്ന് യു.എസ് കോച്ച് മുന്നറിയിപ്പ് നൽകി. ദക്ഷിണ അമേരിക്കൻ ഫുട്ബോളിലെ ഏറ്റവും കടുപ്പമേറിയ ടീമുകളിലൊന്നാണ് ഗുസ്താവോ അൽഫാരോ നയിക്കുന്ന പാരാഗ്വായ്. യോഗ്യതാ റൗണ്ടിൽ ലോക ചാമ്പ്യന്മാരായ അർജന്‍റീനയെയും ബ്രസീലിനെയും അട്ടിമറിച്ച വമ്പൻ ഫോമിലാണ് പാരാഗ്വായ് ലോകകപ്പ് വേദിയിലേക്ക് എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ലോസ് ആഞ്ചലസിൽ ആതിഥേയർക്ക് കടുത്തൊരു പരീക്ഷണം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
