17ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങാനിരിക്കെ വിരമിക്കല്‍ പ്രഖ്യാപിച്ച വില്യംസണിന്‍റെ തീരുമാനം സഹതാരങ്ങളെപ്പോലും അമ്പരപ്പിച്ചു.

ലണ്ടൻ: ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി ന്യൂസീലൻഡ് ക്രിക്കറ്റ് ഇതിഹാസവും മുൻ നായകനുമായ കെയ്ൻ വില്യംസൺ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് 35-കാരനായ വില്യംസണിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റാകും തന്‍റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമെന്ന് വില്യംസണ്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

17ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങാനിരിക്കെ വിരമിക്കല്‍ പ്രഖ്യാപിച്ച വില്യംസണിന്‍റെ തീരുമാനം സഹതാരങ്ങളെപ്പോലും അമ്പരപ്പിച്ചു. കിവീസ് നിരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡുമായാണ് വില്യംസൺ കരിയർ അവസാനിപ്പിക്കുന്നത്. കുറച്ചുകാലമായി ഞാൻ ഈ തീരുമാനത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കൊണ്ടാണ് ഇതാണ് ശരിയായ സമയമെന്ന് എനിക്ക് പൂർണ്ണമായി ബോധ്യപ്പെട്ടത്. ന്യൂസീലൻഡിനായി കളിച്ച എല്ലാ മത്സരങ്ങളിലും എന്‍റെ നൂറ് ശതമാനവും നൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന സംതൃപ്തിയോടെയാണ് ഞാൻ പടിയിറങ്ങുന്നത്-വില്യംസണ്‍ വ്യക്തമാക്കി.

2010-ൽ ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് വില്യംസണ്‍ ന്യൂസിലന്‍ഡിനായി അരങ്ങേറിയത്. 16 വർഷം നീണ്ട കരിയറിൽ 110 ടെസ്റ്റുകളില്‍ നിന്ന് 9515 റണ്‍സ് നേടിയ വില്യംസണ്‍ 175 ഏകദിനങ്ങളില്‍ നിന്ന് 7257 റണ്‍സും 90 ടി20 മത്സരങ്ങളില്‍ നിന്ന് 2575 റണ്‍സും നേടി. ടെസ്റ്റില്‍ 33 സെഞ്ചുറികളും ഏകദിനത്തില്‍ 15 സെഞ്ചുറികളും സ്വന്തമാക്കിയ വില്യംസണ്‍ ആകെ 378 മത്സരങ്ങളില്‍ നിന്ന് 19,346 റണ്‍സ് നേടി ന്യൂസിലൻഡിന്‍റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റണ്‍സ് സ്കോറർ എന്ന നേട്ടവുമായാണ് പാഡ‍ഴിക്കുന്നത്.

കേവലം ഒരു ബാറ്റർ എന്നതിലുപരി ശാന്തമായ കളിശൈലി കൊണ്ടും മാന്യമായ പെരുമാറ്റം കൊണ്ടും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ നായകൻ കൂടിയായിരുന്നു കെയ്ൻ വില്യംസൺ. നായകനെന്ന നിലയില്‍ ന്യൂസിലന്‍ഡിനെ ഏകദിന ലോകകപ്പ് ഫൈനനിലെത്തിച്ച വില്യംസണ്‍ 2021ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി. ഇന്ത്യയെ ഫൈനലിൽ പരാജയപ്പെടുത്തിയായിരുന്നു കിവീസിന് ആദ്യ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം വില്യംസണ്‍ നേടിക്കൊടുത്തത്. 2019 ലെ ഏകദിന ലോകകപ്പിലും 2021 ലെ ടി20 ലോകകപ്പിലും ന്യൂസീലൻഡിനെ ഫൈനലിൽ എത്തിച്ചു. 2019 ലോകകപ്പിൽ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് വില്യംസൺ ആയിരുന്നു. 2015 ഏകദിന ലോകകപ്പിലും, 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും റണ്ണേഴ്സ് അപ്പായ ന്യൂസീലൻഡ് ടീമിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളുടെ വിശ്വസ്തനായ ബാറ്ററായിരുന്ന വില്യംസൺ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ബാക്കി മത്സരങ്ങൾക്കായി വില്യംസണിന്‍റെ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക