മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നാലാം നമ്പര്‍ സ്ഥാനത്ത് പറഞ്ഞുകേട്ട പേരാണ് അമ്പാട്ടി റായുഡു. എന്നാല്‍ ലോകകപ്പ് ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ റായുഡുവിന്‍റെ പേരുണ്ടായിരുന്നില്ല. നാലാം നമ്പറില്‍ വന്‍ ട്വിറ്റ് കാത്തുവെച്ച സെലക്‌ടര്‍മാര്‍ ആരെന്ന് കൃത്യമായി വ്യക്തമാക്കാതെ ടീമിനെ പ്രഖ്യാപിക്കുകയായിരുന്നു.

റായുഡുവിന് പകരം മധ്യനിരയില്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനാണ് ഇന്ത്യ അവസരം നല്‍കിയത്. റായുഡുവിനെ ഒഴിവാക്കാനുള്ള കാരണം സെലക്‌ടര്‍മാര്‍ വ്യക്തമാക്കി. 

'ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യ നിരവധി മധ്യനിര ബാറ്റ്സ്‌മാന്‍മാരെ പരീക്ഷിച്ചു. ദിനേശ് കാര്‍ത്തിക്, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്കെല്ലാം അവസരം നല്‍കി. അമ്പാട്ടി റായുഡുവിന് കുറച്ചധികം അവസരം നല്‍കി. എന്നാല്‍ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും വിജയ് ശങ്കറാണ് തിളങ്ങിയത്. ഇതാണ് വിജയ് ശങ്കറെ റായുഡുവിന് പകരം ടീമിലെടുക്കാന്‍ കാരണം' എന്നാണ് സെലക്‌ടര്‍മാര്‍ പറഞ്ഞത്. 

നാലാം നമ്പറില്‍ ഇപ്പോള്‍ വിജയ് ശങ്കറെയാണ് പരിഗണിക്കുന്നത്. എന്നാല്‍ ആ സ്ഥാനത്തേക്ക് മറ്റേറെ പേരുകളുണ്ടെന്നും സെലക്‌ടര്‍മാര്‍ വ്യക്തമാക്കി.