ടി20യില്‍ എട്ട് മത്സരങ്ങളില്‍ ഏഴ് ഇന്നിംഗ്‌സുകളിലാണ് രോഹിത് ശര്‍മ്മ പാകിസ്ഥാനെതിരെ ഇതുവരെ ബാറ്റിംഗിന് ഇറങ്ങിയിട്ടുള്ളത്
മുംബൈ: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ടീം ഇന്ത്യയുടെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ടി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ഫൈനലടക്കം മൂന്ന് മത്സരങ്ങളില്‍ ഇരു ടീമും മൈതാനത്ത് കൊമ്പുകോര്‍ക്കാനുള്ള സാധ്യതയാണുള്ളത്. എന്നാല്‍ ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യക്ക് ആശങ്ക നല്‍കുന്നതാണ് രാജ്യാന്തര ടി20യില്‍ പാകിസ്ഥാനെതിരായ രോഹിത്തിന്‍റെ മോശം റെക്കോര്‍ഡ്.
ടി20യില്‍ എട്ട് മത്സരങ്ങളില്‍ ഏഴ് ഇന്നിംഗ്‌സുകളിലാണ് രോഹിത് ശര്‍മ്മ പാകിസ്ഥാനെതിരെ ഇതുവരെ ബാറ്റിംഗിന് ഇറങ്ങിയിട്ടുള്ളത്. വെറും 14 ബാറ്റിംഗ് ശരാശരിയും 127.27 സ്‌ട്രൈക്ക് റേറ്റുമായി 70 റണ്‍സ് മാത്രമേ ഹിറ്റ്‌മാനുള്ളൂ. പുറത്താകാതെ നേടിയ 30* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20 ഫോര്‍മാറ്റില്‍ ഇക്കുറി നടക്കുന്ന ഏഷ്യാ കപ്പില്‍ രോഹിത്തിന്‍റെ ഈ മോശം റെക്കോര്‍ഡ് ആശങ്കയാവും. ഇടംകൈയന്‍ പേസാക്രമണമാകും പ്രധാന വെല്ലുവിളി. എന്നാല്‍ ഫോമിലേക്കെത്തിയാല്‍ ഒറ്റ ഇന്നിംഗ്‌സ് കൊണ്ട് രോഹിത് ശര്‍മ്മയ്ക്ക് ഈ നാണക്കേട് മായ്‌ക്കുകയും ചെയ്യാം.
ഏഷ്യാ കപ്പ് തീപാറും
യുഎഇയാണ് ഇത്തവണ ഏഷ്യാ കപ്പിന് വേദിയാവുന്നത്. ദുബായില്‍ ഓഗസ്റ്റ് 28-ാം തിയതി ടൂര്‍ണമെന്‍റിലെ ആദ്യ ഇന്ത്യ-പാക് പോരാട്ടം നടക്കും. ഇതിന് ശേഷം ഭാഗ്യമുണ്ടേല്‍ ഫൈനലടക്കം രണ്ടുതവണ കൂടി ഇന്ത്യ-പാക് ടീമുകള്‍ മുഖാമുഖം വരും. നാല് വര്‍ഷം മുമ്പ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും രണ്ടുതവണ നേര്‍ക്കുനേര്‍ വന്നിരുന്നു. രണ്ടിലും ഇന്ത്യക്കായിരുന്നു ജയം. ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ കിരീടമുയര്‍ത്തുകയും ചെയ്തു. അതേസമയം കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇരു ടീമുകളും മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഈ ക്ഷീണം ടീം ഇന്ത്യക്ക് ഇത്തവണ പരിഹരിക്കേണ്ടതുണ്ട്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.
ഐപിഎല്ലില്‍ 500ലധികം റണ്‍സടിക്കണം, ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണം; ആഗ്രഹം തുറന്നുപറഞ്ഞ് താരം
