Asianet News MalayalamAsianet News Malayalam

മൂന്ന് സീസണില്‍ കിരീടമില്ല, ബാറ്ററെന്ന നിലയിലും പരാജയം; രോഹിത്തിനെ മാറ്റാന്‍ കാരണം മറ്റൊന്നുമല്ലെന്ന് ഉത്തപ്പ

രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലിയിലും ബാറ്ററെന്ന നിലയിലും കഴിഞ്ഞ മൂന്ന് സീസണിലും പരാജയമായിരുന്നുവെന്ന് ഉത്തപ്പ

Why Rohit Sharma removed from Mumbai Indians captaincy Robin Uthappa explains
Author
First Published Apr 20, 2024, 1:32 PM IST

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെ മാറ്റിയതിന്‍റെ തീയും പുകയും ഇനിയും അടങ്ങിയിട്ടില്ല. രോഹിത്തിന് പകരം ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആരാധകര്‍ ഇതുവരെ ക്യാപ്റ്റനായി മനസുകൊണ്ട് അംഗീകരിച്ചിട്ടുമില്ല. ഇതിനിടെ എന്തുകൊണ്ട് രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയെന്ന കാര്യം വസ്തുനിഷ്ഠമായി വിശദീകരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. രോഹിത്തിനെ മാറ്റാനുള്ള കാരണങ്ങള്‍ എടുത്തു പറഞ്ഞാണ് ഉത്തപ്പയുടെ വിശദീകരണം.

ഏതൊരു തീരുമാനത്തിന് പിന്നിലും രണ്ടോ മൂന്നോ വശങ്ങളുണ്ടെന്ന് ടിആര്‍എസ് പോഡ്കാസ്റ്റില്‍ ഉത്തപ്പ പറഞ്ഞു. രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലിയിലും ബാറ്ററെന്ന നിലയിലും കഴിഞ്ഞ മൂന്ന് സീസണിലും പരാജയമായിരുന്നുവെന്ന് ഉത്തപ്പ പറഞ്ഞു. ബാറ്ററെന്ന നിലയില്‍ രോഹിത്തിന്‍റെ കഴിവുകളെ വിലകുറച്ച് പറയുകയല്ല. കഴിഞ്ഞ മൂന്ന് സീസണുകളിലായി മുംബൈ ഐപിഎല്ലില്‍ കിരീടം നേടിയിട്ടില്ല. ബാറ്ററെന്ന നിലയില്‍ രോഹിത് 400ന് അപ്പുറം നേടിയിട്ടുമില്ല. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മൂന്ന് സീസണുകളിലായി മികവ് കാട്ടാത്തയാളെ മാറ്റുക എന്നത് ഏതൊരു ടീമും എടുക്കുന്ന തീരുമാനമാണ്.

തകര്‍ത്തടിക്കുന്ന ധോണി എന്തുകൊണ്ട് നേരത്തെ ഇറങ്ങുന്നില്ല, മറുപടി നല്‍കി ചെന്നൈ പരിശീലകന്‍

2020ലാണ് മുംബൈ അവസാനമായി ഐപിഎല്‍ കിരീടം നേടിയത്. 2019നുശേഷം 400 റണ്‍സിനുമുകളില്‍ രോഹിത് സ്കോര്‍ ചെയ്തൊരു സീസണുമില്ല. 2022ല്‍ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ മുംബൈ ഫിനിഷ് ചെയ്തത്. രോഹിത് നേടിയതാകട്ടെ 19 റണ്‍സ് ശരാശരിയില്‍ 268 റണ്‍സ് മാത്രവും. 2023ല്‍ പ്ലേ ഓഫിലെത്തിയെങ്കിലും രോഹിത് നേടിയത് 132 സ്ട്രൈക്ക് റേറ്റില്‍ 332 റണ്‍സ് മാത്രമാണ്. അതുകൊണ്ടുതന്നെ മുംബൈ ക്യാപ്റ്റനെ മാറ്റാനുള്ള തീരുമാനമെടുത്തത്. 2013ൽ സീസണിടക്കാണ് റിക്കി പോണ്ടിംഗിനെ മാറ്റി രോഹിത്തിനെ ക്യാപ്റ്റനാക്കിയത്.

ക്യാപ്റ്റൻസി രക്തത്തിലുള്ളതാണ്, കണ്ടു നിൽക്കാതെ ഇടപെട്ട് രോഹിത്; പഞ്ചാബിനെ മുംബൈ വീഴ്ത്തിയത് ഇങ്ങനെ

അന്ന് ടീമിലെ സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഹര്‍ഭജനും റിക്കി പോണ്ടിംഗുമെല്ലാം രോഹിത്തിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഇപ്പോള്‍ രോഹിത്തിന് അനുകൂലമായി പൊതുവെ വികാരമുണ്ടാകാന്‍ കാരണം, ലോകകപ്പില്‍ രോഹിത്തിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ ഫൈനലില്‍ എത്തിയതും ബാറ്ററെന്ന നിലയില്‍ രോഹിത് മികവ് കാട്ടിയതുമാണ്. നായകനെന്ന നിലയില്‍ രോഹിത് ലോകകപ്പില്‍ പുറത്തെടുത്ത മികവും ഐപിഎല്ലിലെ അഞ്ച് കിരീടങ്ങളുടെ ചരിത്രവും കൂടി ചേര്‍ന്നപ്പോഴാണ് ആരാധകര്‍ ഹാര്‍ദ്ദിക്കിനെതിരെ തിരിഞ്ഞതെന്നും ഉത്തപ്പ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios