നിലവില്‍ ഒരു ഫോർമാറ്റിലും ടീം ഇന്ത്യക്കായി ശിഖർ ധവാന്‍ കളിക്കുന്നില്ല

മുംബൈ: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ വെറ്ററന്‍ ഓപ്പണർ ശിഖർ ധവാന്‍ നായകനാകും എന്നാണ് നേരത്തെ പുറത്തുവന്നിരുന്ന റിപ്പോർട്ടുകള്‍. എന്നാല്‍ ചൈന വേദിയാവുന്ന ഏഷ്യാഡിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ 37കാരനായ ധവാന്‍റെ പേരുണ്ടായിരുന്നില്ല. പകരം റുതുരാജ് ഗെയ്‌ക്‌വാദിനെയാണ് സെലക്ടർമാർ ക്യാപ്റ്റനായി നിയമിച്ചത്. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ധവാന്‍ യുഗം ഏറെക്കുറെ അവസാനിച്ചു എന്നുവേണം മനസിലാക്കാന്‍. എങ്കിലും മടങ്ങിവരവിന് ഒരു സാധ്യത ധവാന് മുന്നിലുണ്ട്. 

നിലവില്‍ ഒരു ഫോർമാറ്റിലും ടീം ഇന്ത്യക്കായി ശിഖർ ധവാന്‍ കളിക്കുന്നില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള സ്ക്വാഡുകളിലൊന്നും ധവാനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏഷ്യന്‍ ഗെയിംസും ഏകദിന ലോകകപ്പും ഒരേസമയം വരുന്നതിനാല്‍ ധവാന്‍റെ കീഴില്‍ യുവനിരയെ ചൈനയിലേക്ക് അയക്കും എന്നായിരുന്നു മുമ്പുണ്ടായിരുന്ന സൂചനകള്‍. എന്നാല്‍ ഏഷ്യന്‍ ഗെയിംസ് ടീമില്‍ നിന്നും ധവാന്‍ തഴയപ്പെട്ടിരിക്കുകയാണ്. ഇതോടെ ഇനി ഇന്ത്യന്‍ ടീമില്‍ ധവാന്‍റെ ഭാവി എന്താകും എന്നതാണ് ചോദ്യം. നിലവില്‍ വിന്‍ഡീസ് പര്യടനം നടത്തുന്ന ടീമില്‍ നിന്നുള്ള താരങ്ങളാവും ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് സ്ക്വാഡുകളില്‍ ഇടംപിടിക്കുന്നവരില്‍ അധികവും. ഏകദിന ലോകകപ്പ് സമയത്ത് പരിക്ക് പ്രശ്നങ്ങള്‍ വന്നാല്‍ ഉപയോഗിക്കാന്‍ ധവാനെ സ്റ്റാന്‍ഡ് ബൈ താരമായി ഉള്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

ടി20 പദ്ധതികളില്‍ നിലവില്ലാത്ത താരമാണ് എന്നതിനാലാവാം ധവാനെ ഏഷ്യാഡിന് പരിഗണിക്കാതിരുന്നത്. 2021 ജൂലൈയിലാണ് ധവാന്‍ അവസാനമായി രാജ്യാന്തര ടി20 കളിച്ചത്. ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത് ടി20 ഫോർമാറ്റിലാണ്. ബിസിസിഐയുടെ വാർഷിക കരാറില്‍ ഇപ്പോഴും സി ഗ്രേഡുകാരനായി ശിഖർ ധവാന്‍റെ പേരുണ്ട്. അതേസമയം ഐപിഎല്‍ 2023 സീസണിലെ മികവിന്‍റെ അടിസ്ഥാനത്തില്‍ റുതുരാജിന് പുറമെ യശസ്വി ജയ്സ്വാള്‍, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, പ്രഭ്‌സിമ്രാന്‍ സിംഗ് എന്നിവർ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലെത്തിയിട്ടുണ്ട്. 

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം: റിതുരാജ് ഗെയ്‌ക്‌വാദ്, യഷസ്വി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേശ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രാന്‍ സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: യഷ് താക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശന്‍.

Read more: സഞ്ജുവിന് ലോകകപ്പ് പ്രതീക്ഷ! ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ റിതുരാജ് നയിക്കും; റിങ്കു സിംഗ് ടീമില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം