കറാച്ചി: ജോ റൂട്ടിനെപ്പോലൊരു പാര്‍ട്ട് ടൈം സ്പിന്നര്‍ പോലും അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന അഹമ്മദാബാദിലെ പിച്ചില്‍ തിളങ്ങിയതിന് ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനെയും അക്സര്‍ പട്ടേലിനെയും അഭിനന്ദിക്കേണ്ട കാര്യമില്ലെന്ന് മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. അഹമ്മദാബാദിലേതുപോലുള്ള സ്പിന്‍ പിച്ചുകള്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാവിക്ക് നല്ലതല്ലെന്നും ഇന്‍സമാം തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യ സമീപകാലത്ത് ഉജ്ജ്വലമായാണ് കളിക്കുന്നത്. ഓസ്ട്രേലിയയില്‍ അത് നമ്മളെല്ലാം കണ്ടതാണ്. പക്ഷെ അഹമ്മദാബാദിലേത് പോലെ രണ്ട് ദിവസത്തിനുള്ളില്‍ ടെസ്റ്റ് അവസാനിച്ചത് അടുത്ത കാലത്തൊന്നും എന്‍റെ ഓര്‍മയിലില്ല. ഇന്ത്യക്കാരുടെ മികവാണോ അതോ പിച്ചിന്‍റെ സഹായമാണോ എന്നതാണ് ചോദ്യം.

അഹമ്മദാബാദിലെ ഇരു ടീമിന്‍റെയും സ്കോര്‍ ഒരു ടി20 മത്സരത്തിന്‍റെ സ്കോര്‍ ബോര്‍ഡിനെപ്പോലും നാണിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം പിച്ചുകളില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടത്തുന്നതിനെതിരെ ഐസിസി നടപടിയെടുക്കണം. രണ്ട് ദിവസം പോലും നീണ്ടും നില്‍ക്കാത്തത് എന്തു തരം ടെസ്റ്റ് പിച്ചാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.

ഒരു ദിവസത്തില്‍ മാത്രം വീണത് 17 വിക്കറ്റുകളാണ്. ഇങ്ങനത്തെ പിച്ചില്‍ നമ്മള്‍ എന്തിനാണ് കളിക്കുന്നത്. സ്വദേശത്ത് കളിക്കുന്നതിന്‍റെ ആനുകൂല്യമെടുക്കുകയും സ്പിന്‍ പിച്ചൊരുക്കുകയും ഒക്കെ ചെയ്യാം. പക്ഷെ അത്, ഇത്തരം പിച്ചുകള്‍ ഒരുക്കിക്കൊണ്ടാവരുത്.

ആറോവര്‍ എറിഞ്ഞ ജോ റൂട്ട് അഞ്ച് വിക്കറ്റെടുക്കുമ്പോള്‍ തന്നെ പിച്ചിന്‍റെ സ്വഭാവം മനസിലാവും. അതുകൊണ്ടുതന്നെ ഇത്തരം പിച്ചുകളില്‍ മികവുകാട്ടിയതിന് അശ്വിനെയും അക്സറിനെയും ഒന്നും അഭിനന്ദിക്കേണ്ട കാര്യമില്ല. ഓസ്ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ ലഭിച്ച സന്തോഷം അഹമ്മദാബാദിലെ കഴിഞ്ഞ മത്സരം ജയിച്ചപ്പോള്‍ ഇന്ത്യക്ക് കിട്ടിയെന്ന് താന്‍ കരുതുന്നില്ലെന്നും ഇന്‍സമാം പറഞ്ഞു.