ചേതേശ്വർ പൂജാര പുറത്തായപ്പോഴും മധ്യനിര ബാറ്ററായ സ്കൈയിലേക്ക് സെലക്ടർമാരുടെ കണ്ണ് നീണ്ടില്ല
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. രഞ്ജി ട്രോഫിയില്‍ വിസ്മയ ഫോമില്‍ കളിക്കുന്ന സർഫറാസ് ഖാനെ ടീമിലെടുക്കാതിരുന്നപ്പോള്‍ ഐപിഎല്‍ ഫോം വച്ച് യശസ്വി ജയ്സ്വാളിനും റുതുരാജ് ഗെയ്ക്‌വാദിനും അവസരം നല്‍കി എന്ന ആരോപണം ശക്തമാണ്. ഇതിനിടയില്‍ ആരാധകർ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യം സൂര്യകുമാർ യാദവിനെ ടീമിലേക്ക് പരിഗണിച്ചില്ല എന്നതായിരുന്നു. ചേതേശ്വർ പൂജാര പുറത്തായപ്പോള്‍ മധ്യനിര ബാറ്ററായ സ്കൈയിലേക്ക് സെലക്ടർമാരുടെ കണ്ണ് നീണ്ടില്ല. ഇതിനുള്ള കാരണം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
'തീർച്ചയായും സൂര്യകുമാർ യാദവ് ടീമിലുണ്ടെങ്കില്‍ റുതുരാജിനും യശസ്വിനിക്കും മുമ്പ് കളിപ്പിക്കേണ്ടിവരും. എന്നാല്‍ ടീമിന് പുതിയ താരങ്ങള്‍ക്ക് പരീക്ഷിക്കണം. ടെസ്റ്റ് പദ്ധതികളില്‍ നിന്ന് സൂര്യ ഇതുവരെ പുറത്തായിട്ടില്ല. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരുന്നതിനാല്‍ സൂര്യ ടീമിലെ പ്രധാന താരമാണ്. ഇപ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലാണ് സ്കൈ ശ്രദ്ധ പതിപ്പിക്കേണ്ടത്. സൂര്യക്ക് അയാളും അവസരം ലഭിക്കും. സൂര്യകുമാർ പ്രതിഭയുള്ള താരമാണ്. ലോകത്ത് നിലവിലെ മികച്ച താരങ്ങളിലൊരാള്‍. മുപ്പത്തിരണ്ട് വയസുള്ള സൂര്യക്ക് പകരം ഭാവി താരങ്ങളെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഈ സ്ഥാനത്തേക്കാണ് യശസ്വി ജയ്സ്വാളും റുതുരാജ് ഗെയ്ക്‌വാദും വരുന്നത്. ഇരുവരും പന്ത് നന്നായി ഹിറ്റ് ചെയ്യുന്ന താരമാണ്. ഇരുവരും മികവ് കാട്ടിയാല്‍ അത് ഇന്ത്യന്‍ ടീമിന് പ്രയാജനമാകും' എന്നും ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്പോർടിനോട് പറഞ്ഞു.
ടെസ്റ്റ് ടീമില്‍ ഒരു മത്സരം മാത്രമാണ് കളിക്കാനായുള്ളൂവെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സൂര്യകുമാർ യാദവിന്‍റെ സ്ഥാനത്തില്‍ ആർക്കും തർക്കമില്ല. അതേസമയം ട്വന്‍റി 20 ക്രിക്കറ്റിലെ ഫോം ഏകദിന ഫോർമാറ്റിലേക്ക് കൊണ്ടുവരാന്‍ സ്ക്കൈക്ക് ഇതുവരെയായിട്ടില്ല. ഏകദിനത്തിലെ 21 ഇന്നിംഗ്സില്‍ രണ്ട് അർധസെഞ്ചുറികളോടെ 24.05 ശരാശരി മാത്രമാണുള്ളത്. ടി20യിലാവട്ടെ 46.53 ശരാശരി സ്കൈക്കുണ്ട്. ഏകദിന ടീമില്‍ ശ്രേയസ് അയ്യരും സഞ്ജു സാംസണുമാണ് സൂര്യയുടെ സ്ഥാനത്തിന് ഭീഷണി. കെ എല്‍ രാഹുലും മധ്യനിര ബാറ്ററായി ടീമിലേക്ക് മടങ്ങിവരാനുണ്ട്.
Read more: ഏഷ്യാഡില്‍ സഞ്ജുവിന് വന്‍ സാധ്യത; ക്യാപ്റ്റന്‍സിയും പ്രതീക്ഷിക്കാം

