രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡ‍ിയത്തില്‍ പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 50 ഓവറില്‍ 344-9 എന്ന വമ്പന്‍ സ്കോറിലെത്തിയപ്പോള്‍ ടോപ് സ്കോറര്‍ കുശാല്‍ മെന്‍ഡിസായിരുന്നു

ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാന് എതിരായ പോരാട്ടത്തിലെ ഇടിമിന്നല്‍ ഇന്നിംഗ്‌സിന് പിന്നാലെ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമനായി ക്രീസിലെത്തി 77 പന്തില്‍ 122 റണ്‍സ് എടുത്ത ഇന്നിംഗ്‌സിന് ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങിവരുമ്പോള്‍ വയ്യായ്‌ക അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിദഗ്‌ധ പരിശോധനയ്‌ക്കായി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റിലൂടെ അറിയിച്ചു. കുശാല്‍ മെന്‍ഡിന് പകരം ദുഷന്‍ ഹേമന്ത കളത്തിലിറങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പറുടെ ചുമതല സദീര സമരവിക്രമയാണ് നിര്‍വഹിക്കുന്നത്. 

രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡ‍ിയത്തില്‍ പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 50 ഓവറില്‍ 344-9 എന്ന വമ്പന്‍ സ്കോറിലെത്തിയപ്പോള്‍ ടോപ് സ്കോറര്‍ കുശാല്‍ മെന്‍ഡിസായിരുന്നു. 65 പന്തില്‍ സെഞ്ചുറി തികച്ച താരം പുറത്താകുമ്പോള്‍ 77 പന്തില്‍ 14 ഫോറും 6 സിക്‌സും സഹിതം 122 റണ്‍സ് എടുത്തിരുന്നു. ലങ്കന്‍ ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ ക്രീസിലെത്തി 29-ാം ഓവര്‍ വരെ മെന്‍ഡിസിന്‍റെ ബാറ്റിംഗ് നീണ്ടു. പേസര്‍ ഹസന്‍ അലിയുടെ പന്തില്‍ ഇമാം ഉള്‍ ഹഖ് പിടിച്ചായിരുന്നു പുറത്താകല്‍. പാതും നിസങ്ക, സദീര സമരവിക്രമ എന്നിവര്‍ക്കൊപ്പം താരം 100 റണ്‍സിലേറെ നീണ്ട കൂട്ടുകെട്ട് സ്ഥാപിച്ചു. സദീര സമരവിക്രമയും സെഞ്ചുറി നേടിയിരുന്നു. സദീര 89 പന്തില്‍ 108 റണ്‍സെടുത്ത ശേഷമാണ് മടങ്ങിയത്. 

കുശാല്‍ പെരേര (4 പന്തില്‍ 0), ചരിത് അസലങ്ക (3 പന്തില്‍ 1), ധനഞ്ജയ ഡിസില്‍വ (34 പന്തില്‍ 25), ക്യാപ്റ്റന്‍ ദാസുന്‍ ഷനക (18 പന്തില്‍ 12), ദിനുത് വെല്ലാലഗെ (8 പന്തില്‍ 10), മഹീഷ തീക്ഷന (4 പന്തില്‍ 0), മതീഷ പതിരാന (3 പന്തില്‍ 1) എന്നിങ്ങനെയായിരുന്നു മറ്റ് ലങ്കന്‍ താരങ്ങളുടെ സ്കോര്‍. ദില്‍ഷന്‍ മധുശനകയ്‌ക്ക് ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. പാകിസ്ഥാനായി ഹസന്‍ അലി നാലും ഹാരിസ് റൗഫ് രണ്ടും ഷഹീന്‍ അഫ്രീദിയും മുഹമ്മദ് നവാസും ഷദാബ് ഖാനും ഓരോ വിക്കറ്റും സ്വന്തമാക്കി. 

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ട്വീറ്റ്

Scroll to load tweet…

Read more: 'കുശാല്‍' മെന്‍ഡിസ് അടി, സമരവിക്രമക്കും സെഞ്ചുറി; പാകിസ്ഥാനെ തല്ലിച്ചതച്ച് ലങ്കയ്ക്ക് കൂറ്റന്‍ സ്കോര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം