വിരാട് കോലിക്കൊപ്പം രോഹിത് ശര്‍മ്മയും പുറത്തിരുന്നപ്പോള്‍ ഇന്ത്യ- വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീം ഇന്ത്യയെ നയിച്ചത്

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ്മ എന്നിവരില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങിയത്. സീനിയേഴ്‌സിനെ പുറത്തിരുത്തിയ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് തോല്‍ക്കുകയും ചെയ്‌തു. അവസരം ലഭിച്ച സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ബാറ്റിംഗില്‍ വലിയ നിരാശയാണ് സമ്മാനിച്ചത്. എന്തുകൊണ്ട് രോഹിത്തിനെയും കോലിയേയും ഒരേസമയം പുറത്തിരുത്തി എന്നതിന് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വ്യക്തമായ ഉത്തരമുണ്ട്. താരങ്ങളുടെ പരിക്ക് മാറിയില്ലെങ്കില്‍ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും കളിപ്പിക്കാനുള്ള ബാക്ക്‌ആപ് താരങ്ങളെ കണ്ടെത്താനുള്ള പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ആ അവസരമാണ് സഞ്ജു സാംസണ്‍ ബാര്‍ബഡോസില്‍ പാഴാക്കിയത്. 

വിരാട് കോലിക്കൊപ്പം രോഹിത് ശര്‍മ്മയും പുറത്തിരുന്നപ്പോള്‍ ഇന്ത്യ- വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീം ഇന്ത്യയെ നയിച്ചത്. ഇതിനേക്കുറിച്ച് ദ്രാവിഡിന്‍റെ വാക്കുകള്‍ ഇങ്ങനെ. 'ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് താരങ്ങളെ പരീക്ഷിക്കാനുള്ള അവസാന അവസരമാണിത്. പരിക്കേറ്റ നമ്മുടെ നാല് താരങ്ങള്‍ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ്. ഏഷ്യാ കപ്പിനും ലോകകപ്പിനും ദിവസങ്ങള്‍ അവസാനിക്കുകയാണ്. പരിക്കിലുള്ള ചില‍ര്‍ ഏഷ്യാ കപ്പിനും ലോകകപ്പിനുമുണ്ടാകും എന്നാണ് പ്രതീക്ഷ. എന്നാല്‍ റിസ്‌ക് എടുക്കാന്‍ കഴിയില്ല. അതിനാല്‍ മറ്റ് താരങ്ങളെ ഇപ്പോള്‍ കളിപ്പിക്കുകയും പരീക്ഷിക്കുകയും വേണം. പരിക്കേറ്റ താരങ്ങള്‍ക്ക് മടങ്ങിവരാനായില്ലെങ്കില്‍ സ്‌ക്വാഡിലുള്ള മറ്റ് താരങ്ങള്‍ക്ക് മത്സരപരിചയം ലഭിക്കാന്‍ വേണ്ടിയാണിത്. താരങ്ങളുടെ കാര്യത്തില്‍ ചില തീരുമാനങ്ങള്‍ വിന്‍ഡീസ് പരമ്പരയിലൂടെ കൈക്കൊള്ളാം. ഏഷ്യാ കപ്പിന് മുമ്പ് കോലിയെയും രോഹിത്തിനേയും കളിപ്പിക്കുന്നത് എല്ലാത്തിനും ഉത്തരം നല്‍കില്ല. എന്‍സിഎയില്‍ പരിശീലനത്തിലുള്ള താരങ്ങളുടെ കാര്യത്തില്‍ അവ്യക്തത തുടരുന്നതിനാല്‍ മറ്റ് താരങ്ങളെ പരീക്ഷിച്ചേ മതിയാകൂ' എന്നും ദ്രാവിഡ് വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തിന് ശേഷം വ്യക്തമാക്കി. 

വിന്‍ഡീസിന് എതിരായ രണ്ടാം ഏകദിനം ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ടപ്പോള്‍ ഇഷാന്‍ കിഷനും ശുഭ്‌മാന്‍ ഗില്ലുമായിരുന്നു ഓപ്പണര്‍മാര്‍. രോഹിത് ശര്‍മ്മയ്‌ക്ക് പകരം ഓപ്പണറായ ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടി. ഇതിന് ശേഷം മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ സ്ഥാനത്ത് എത്തിയ സഞ്ജു സാംസണ്‍ 9 റണ്‍സേ നേടിയുള്ളൂ. നാലാമനായി സ്ഥാനക്കയറ്റം ലഭിച്ച സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും(1), പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും(7) പരാജയമായി. സൂര്യകുമാര്‍ യാദവ് 24 റണ്‍സിനും രവീന്ദ്ര ജഡേജ 10ലും ഷര്‍ദുല്‍ താക്കൂര്‍ 16ലും പുറത്തായി. കുല്‍ദീപ് യാദവ് 8* പുറത്താവാതെ നിന്നപ്പോള്‍ ഉമ്രാന്‍ മാലിക്(0), മുകേഷ് കുമാര്‍(6) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. ബൗളിംഗില്‍ ഷര്‍ദുല്‍ മൂന്നും കുല്‍ദീപും ഒന്നും വിക്കറ്റ് നേടിയത് മാത്രമാണ് തിളക്കം. 

Read more: എന്തുകൊണ്ട് വിരാട് കോലിയും രോഹിത് ശര്‍മയും പുറത്തായി? കാരണം വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം