നിലവില്‍ സജീവ ക്രിക്കറ്റര്‍മാര്‍ക്ക് വിദേശ ടി20 ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐയുടെ അനുമതിയില്ല

ചെന്നൈ: അമേരിക്കയിലെ പ്രഥമ മേജര്‍ ലീഗ് ക്രിക്കറ്റില്‍(MLC) നിന്ന് പിന്‍മാറി ഇന്ത്യന്‍ മുന്‍ താരം അമ്പാട്ടി റായുഡു. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഉടനടി ടെക്‌സസ് സൂപ്പര്‍ കിംഗ്‌സില്‍ ചേരുകയായിരുന്നു റായുഡു. ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ സഹഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണിത്. 'എംഎല്‍സിയുടെ ആദ്യ സീസണില്‍ അമ്പാട്ടി റായുഡു വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കില്ല. ഇന്ത്യയിലിരുന്ന് കൊണ്ട് ടീമിനെ പിന്തുണയ്‌ക്കും' എന്നുമാണ് ടെക്‌സസ് സൂപ്പര്‍ കിംഗ്‌സ് ട്വിറ്ററിലൂടെ അറിയിച്ചത്. 

നിലവില്‍ സജീവ ക്രിക്കറ്റര്‍മാര്‍ക്ക് വിദേശ ടി20 ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐയുടെ അനുമതിയില്ല. എന്നാല്‍ വിരമിച്ച താരങ്ങളുടെ കാര്യത്തില്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് ബിസിസിഐക്ക് ആശയക്കുഴപ്പം വന്നിരിക്കുകയാണ്. വിദേശ ലീഗുകളില്‍ കളിക്കാനായി താരങ്ങള്‍ തിടുക്കത്തില്‍ വിരമിക്കുമോ എന്ന ഭയം ബിസിസിഐക്കുണ്ട്. 'വിദേശത്ത് വിവിധ ട്വന്‍റി 20 ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ നേരത്തെ വിരമിക്കുന്നതില്‍ ബിസിസിഐ അല്‍പം പരിഭ്രാന്തരാണ്. പ്രത്യേകിച്ച് ഈ ടീമുകളെല്ലാം ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയില്‍ ആയതിനാല്‍' എന്നും ബിസിസിഐ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. റായുഡുവിന് പകരക്കാരനെ ടെക്‌സസ് സൂപ്പര്‍ കിംഗ്‌സ് ഉടന്‍ പ്രഖ്യാപിക്കും. 

ഐപിഎല്‍ 2023 സീസണോടെ രാജ്യാന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നിന്ന് വിരമിക്കല്‍ അറിയിക്കുകയായിരുന്നു അമ്പാട്ടി റായുഡു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ താരങ്ങളായ ദേവോണ്‍ കോണ്‍വേ, മിച്ചല്‍ സാന്‍റ്‌നര്‍, സിഎസ്‌കെ ഇതിഹാസവും ബൗളിംഗ് പരിശീലകനുമായ ഡ്വെയ്‌ന്‍ ബ്രാവോ തുടങ്ങിയവര്‍ ടെക്‌സസ് സൂപ്പര്‍ കിംഗ്‌സിന്‍റേയും ഭാഗമാണ്. റായുഡുവിന് പകരക്കാരനെ ഉടന്‍ ടെക്‌സസ് സൂപ്പര്‍ കിംഗ്‌സ് പ്രഖ്യാപിക്കും. ടീം ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ 1694 ഉം, ആറ് ടി20കളില്‍ 42 ഉം റണ്‍സാണ് റായുഡുവിനുള്ളത്. അതേസമയം ഐപിഎല്ലില്‍ 203 കളികളില്‍ ഒരു സെഞ്ചുറിയും 22 ഫിഫ്റ്റികളും ഉള്‍പ്പടെ 4348 റണ്‍സ് റായുഡുവിനുണ്ട്. 

Read more: ചെറുതായൊന്ന് പാളി; സൗരവ് ഗാംഗുലിയുടെ ജന്‍മദിന വീഡിയോയില്‍ മണ്ടത്തരം, കണ്ടെത്തി ഇര്‍ഫാന്‍ പത്താന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News