ഖവാജക്കെതിരെ പന്തെറിയുമ്പോഴെല്ലാം എറൗണ്ട് ദ് വിക്കറ്റ് പന്തെറിയാനുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ നീക്കമാണ് ശരിക്കും തിരിച്ചടിയായത്. ലോകത്തിലെ ഏതൊരു ഇടം കൈയന്‍ ബാറ്ററോടും നിങ്ങള്‍ ചോദിച്ചു നോക്കു. എറൗണ്ട് ദ് വിക്കറ്റില്‍ കാലിലേക്ക് വരുന്ന പന്തുകള്‍ കളിക്കാന്‍ അവര്‍ക്ക് അനായാസം കഴിയും.

അഹമ്മദാബാദ്: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജക്കെതിരെ ഇന്ത്യന്‍ ബൗളര്‍മാരുടെ തന്ത്രങ്ങളെല്ലാം പാളിയെന്ന് മുന്‍ ഓസീസ് നായകന്‍ ഇയാന്‍ ചാപ്പല്‍.ക്രീസില്‍ നില്‍ക്കുമ്പോഴുള്ള ഖവാജയുടെ ശാന്തത അസാമാന്യമാണെന്നും ചാപ്പല്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

ഖവാജക്കെതിരെ പന്തെറിയുമ്പോഴെല്ലാം എറൗണ്ട് ദ് വിക്കറ്റ് പന്തെറിയാനുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ നീക്കമാണ് ശരിക്കും തിരിച്ചടിയായത്. ലോകത്തിലെ ഏതൊരു ഇടം കൈയന്‍ ബാറ്ററോടും നിങ്ങള്‍ ചോദിച്ചു നോക്കു. എറൗണ്ട് ദ് വിക്കറ്റില്‍ കാലിലേക്ക് വരുന്ന പന്തുകള്‍ കളിക്കാന്‍ അവര്‍ക്ക് അനായാസം കഴിയും. എന്നാല്‍ ഓവര്‍ ദ് വിക്കറ്റില്‍ എറിയുന്ന പന്തുകള്‍ നേരിടാനാണ് ബുദ്ധിമുട്ടെന്നാണ് ഇടം കൈയന്‍മാര്‍ പറയാറുള്ളത്.

എന്നാല്‍ ഖവാജയെപ്പോലൊരു ഇടം കൈയന്‍ ബാറ്റര്‍ക്ക് എല്ലായ്പ്പോഴും എറൗണ്ട് ദ് വിക്കറ്റ് പന്തെറിയാനാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രമിച്ചത്.ഇത് ഇംഗ്ലണ്ടില്‍ ആയിരുന്നെങ്കില്‍ വിജയിച്ചേനെ. പക്ഷെ ഇന്ത്യയില്‍ കളിക്കുമ്പോള്‍ അസംബന്ധമാണത്.പ്രത്യേകിച്ച് ഖവാജയെപ്പോലെ ലെഗ് സൈഡിലേക്ക് കളിക്കാന്‍ താല്‍പര്യപ്പെടുന്ന ഒരു കളിക്കാരന് അവന്‍റെ പാഡുകളിലേക്ക് ആംഗിള്‍ ചെയ്യുന്ന രീതിയില്‍ പന്തെറിയുന്നത്.കാരണം അയാള്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

ഖവാജക്കെതിരെ ഇന്ത്യ തന്ത്രമൊരുക്കാതെയാണ് ഗ്രൗണ്ടിലിറങ്ങിയത് എന്ന് തോന്നുന്നു. കാരണം അത്രമാത്രം അനായാസമായാണ് അയാള്‍ കളിച്ചത്.അത് ഇന്ത്യയെ ശരിക്കും വേദനിപ്പിക്കുമെന്നും ചാപ്പല്‍ പറഞ്ഞു.104 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഖവാജ കാമറൂണ്‍ ഗ്രീനിനൊപ്പം അഞ്ചാം വിക്കറ്റില്‍ 79 റണ്‍സിന്‍റെ കൂട്ടുകെട്ടും ഉയര്‍ത്തി.

നാലാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയിലാണ്. 104 റണ്‍സുമായി ക്രീസിലുള്ള ഖവാജയ്ക്കൊപ്പം 49 റണ്‍സുമായി കാമറൂണ്‍ ഗ്രീനാണ് ക്രീസില്‍.