ഏകദിന ടീമില്‍ ശ്രേയസിന് ചുവടുറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് വിന്‍ഡീസിലുള്ളത് എന്നാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍റെ വിലയിരുത്തല്‍  

പോര്‍ട്ട് ഓഫ് സ്പെയിന്‍: സമീപകാലത്ത് ടി20യിലെ മോശം ഫോമിന്‍റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട താരമാണ് ഇന്ത്യന്‍ ബാറ്റര്‍(Team India) ശ്രേയസ് അയ്യര്‍(Shreyas Iyer). സ്‌പിന്നര്‍മാരെ ക്രീസ് വിട്ടിറങ്ങി തൂക്കുമ്പോഴും പേസര്‍മാര്‍ക്കെതിരായ മോശം പ്രകടനമായിരുന്നു ശ്രേയസിനെ ചോദ്യചിഹ്നത്തിലാക്കിയത്. തുടര്‍ച്ചയായി ഷോര്‍ട്ട് പിച്ച് കെണിയില്‍ പുറത്തായതും ഡോട്ട് ബോളുകള്‍ ഏറെ വഴങ്ങിയതും ശ്രേയസിനെ പലരുടേയും കണ്ണിലെ കരടാക്കി. എന്നാല്‍ ഏകദിന ടീമില്‍ ശ്രേയസിന് ചുവടുറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് വിന്‍ഡീസിലുള്ളത് എന്നാണ് ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍റെ(Zaheer Khan) വിലയിരുത്തല്‍.

'ഇഷാൻ കിഷനോ സഞ്ജു സാംസണോ ഒരു ചുമതലയിലുണ്ടാവും. രാജ്യാന്തര ക്രിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്ക് തന്‍റെ പൊസിഷന്‍ ഉറപ്പിക്കാന്‍ മറ്റൊരു അവസരം കൂടി ലഭിക്കുകയാണ്. ഇതാണ് അവസരം, മുമ്പിലുള്ള താരത്തെ മറികടക്കാനും ടീമില്‍ സ്ഥാനമുറപ്പിക്കാനും തയ്യാറാണ് എന്ന് ശ്രേയസിന് കാട്ടിക്കൊടുക്കാനുള്ള അവസരമാണ് വിന്‍ഡീസിനെതിരെ' എന്നും സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനം ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ തലസ്ഥാനമായ പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇന്ന് നടക്കാനിരിക്കേയാണ് സഹീര്‍ ഖാന്‍റെ വാക്കുകള്‍.

സഞ്ജു ഇറങ്ങുമോ?

വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. ഇംഗ്ലണ്ടിനെ തകർത്തെത്തുന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ ശിഖര്‍ ധവാന്‍റെ നായകത്വത്തില്‍ ഇറങ്ങുന്നത്. രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ പ്രധാന താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് വൈസ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുടെ പരിക്ക് തിരിച്ചടിയാവും. ജഡേജ കളിച്ചില്ലെങ്കില്‍ അക്സര്‍ പട്ടേല്‍ പകരമത്തുമെന്നാണ് സൂചന. 

ശിഖർ ധവാനൊപ്പം ഇഷാൻ കിഷൻ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. ഓപ്പണിംഗിൽ ഒരു വലംകൈ ബാറ്റർ വേണമെങ്കിൽ റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ എന്നിവർക്ക് അവസരം വന്നേക്കും. റുതുരാജ് അന്താരാഷ്‍ട്ര ഏകദിനത്തിൽ അരങ്ങേറിയിട്ടില്ല. ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഷാർദൂർ ഠാക്കൂർ തുടങ്ങി വിൻഡീസിനെ വിറപ്പിക്കാനുള്ള ശേഷി ഇന്ത്യക്ക് ഇപ്പോഴുമുണ്ട്. സഞ്ജു സാംസണും ഏകദിന ക്രിക്കറ്റിൽ തിരിച്ചെത്താൻ അവസരം കാത്തിരിക്കുന്നു. ബൗളിംഗിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ് എന്നീ പേസർമാർക്കൊപ്പം യുസ്‍വേന്ദ്ര ചാഹലും ചേരുമ്പോൾ ആശങ്കയില്ല. ആവേശ് ഖാനാണ് ടീമിലുള്ള മറ്റൊരു ബൗളർ.

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം, ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി