അവസാന 10 ഓവറുകളില്‍ അതിശക്തമായി തിരിച്ചുവരുന്ന വിന്‍ഡീസ് ബൗളര്‍മാരെയാണ് പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ കണ്ടത്
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തില്‍(WI vs IND 1st ODI) ബാറ്റിംഗിനെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍(Shikhar Dhawan) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 300 കടന്ന് ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 308 റണ്‍സെടുത്തു. 97 റണ്‍സെടുത്ത ധവാന് സെഞ്ചുറി നഷ്‌ടമായി. ധവാന് പുറമെ ശുഭ്‌മാന്‍ ഗില്ലും(Shubman Gill), ശ്രേയസ് അയ്യരും(Shreyas Iyer) അര്‍ധ സെഞ്ചുറി നേടിയെങ്കിലും സഞ്ജു സാംസണടക്കമുള്ള(Sanju Samson) മധ്യനിര പരാജയപ്പെട്ടതാണ് 350 റണ്‍സെങ്കിലും എത്തേണ്ടിയിരുന്ന ഇന്ത്യയെ തടഞ്ഞത്.
ഓപ്പണര്‍മാര്‍ കസറി, സ്വപ്‌ന തുടക്കം
ശിഖര്‍ ധവാനും ശുഭ്‌മാന്‍ ഗില്ലും ആദ്യ ഓവറിലേ അടി തുടങ്ങിയപ്പോള്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അല്‍സാരി ജോസഫടക്കമുള്ള ബൗളര്‍മാരെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അനായാസം ബൗണ്ടറി കടത്തി. പത്ത് ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 73 റണ്‍സിലെത്തിയിരുന്നു ഇന്ത്യ. പിന്നാലെ 36 പന്തില്‍ ശുഭ്‌മാന്‍ ഗില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 12-ാം ഓവറിലെ അവസാന പന്തിലായിരുന്നു ഗില്ലിന്‍റെ ഫിഫ്റ്റി. പിന്നാലെ ധവാന്‍ 53 പന്തിലും 50 തികച്ചു. 18-ാം ഓവറിലായിരുന്നു ധവാന്‍റെ അര്‍ധ സെഞ്ചുറി. എന്നാല്‍ ഇതേ ഓവറിലെ നാലാം പന്തില്‍ സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ പുരാന്‍റെ ത്രോ ഗില്ലിനെ മടക്കി. ഗില്‍ 53 പന്തില്‍ 64 റണ്‍സെടുത്തപ്പോള്‍ ഇരുവരും ഒന്നാം വിക്കറ്റില്‍ 119 റണ്‍സ് ചേര്‍ത്തു.
ധവാന് സെഞ്ചുറി നഷ്‌ടം, പിന്നെ കഥ മാറി
രണ്ടാം വിക്കറ്റില്‍ ധവാനൊപ്പം ചേര്‍ന്ന ശ്രേയസ് അയ്യര്‍ സ്‌പിന്നര്‍മാരെ കൈകാര്യം ചെയ്തതോടെ ഇന്ത്യ അനായാസം 200 കടന്നു. എന്നാല്‍ അര്‍ഹമായ സെഞ്ചുറിക്കരികെ മോട്ടിയുടെ പന്തില്‍ ബ്രൂക്ക്‌സിന്‍റെ പറക്കും ക്യാച്ചില്‍ ധവാന്‍ മടങ്ങി. 99 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും സഹിതം ധവാന്‍ 97 റണ്ണെടുത്തു. ഇംഗ്ലണ്ട് പരമ്പരയിലെ ക്ഷീണം മാറ്റിയ ശ്രേയസും അര്‍ധ സെഞ്ചുറി നേടി. നിക്കോളാസ് പുരാന്‍റെ ഗംഭീര ക്യാച്ചില്‍ ശ്രേയസും(57 പന്തില്‍ 54) വീണു. ശ്രേയസ് പുറത്താകുമ്പോള്‍ 35.5 ഓവറില്‍ 230-3 എന്ന സ്‌കോറിലായിരുന്നു ഇന്ത്യ. സൂര്യകുമാര്‍ 14 പന്തില്‍ 13 റണ്‍സ് മാത്രമെടുത്ത് 39-ാം ഓവറില്‍ അക്കീലിന്‍റെ പന്തില്‍ ബൗള്‍ഡായി.
ശക്തം വിന്‍ഡീസ് തിരിച്ചുവരവ്
അവസാന 10 ഓവറുകളില്‍ അതിശക്തമായി തിരിച്ചുവരുന്ന വിന്‍ഡീസ് ബൗളര്‍മാരെയാണ് പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ കണ്ടത്. കിട്ടിയ അവസരം മുതലാക്കാനാവാതെ സഞ്ജു സാംസണ്‍ 18 പന്തില്‍ 12 റണ്‍സ് മാത്രമെടുത്ത് 43-ാം ഓവറില്‍ ഷെഫേര്‍ഡിന്‍റെ പന്തില്‍ എല്‍ബിയായി മടങ്ങി. ഇന്ത്യന്‍ സ്‌കോര്‍-252-5. ദീപക് ഹൂഡയ്‌ക്കും അക്‌സര്‍ പട്ടേലിനും കാര്യമായ കൂറ്റനടികള്‍ നേരിട്ട ആദ്യ ഓവറുകളില്‍ പുറത്തെടുക്കാനായില്ല. 48-ാം ഓവറില്‍ സീല്‍സിനെ തകര്‍ത്തടിച്ച അക്‌സര്‍(21 പന്തില്‍ 21) തൊട്ടടുത്ത ഓവറില്‍ അല്‍സാരിയുടെ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. ഇതേ ഓവറില്‍ ഹൂഡയും(32 പന്തില്‍ 27) ബൗള്‍ഡ്. ഒടുവില്‍ മുഹമ്മദ് സിറാജ് 1 ഉം ഷര്‍ദുല്‍ ഠാക്കൂര്‍ 7 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ.
WI vs IND : സഞ്ജു പ്ലേയിംഗ് ഇലവനില്‍; ട്വിറ്ററില്‍ ആരാധകരിരമ്പി, ടീം മാനേജ്‌മെന്‍റിന് കയ്യടി
