ആദ്യ പന്ത് ഡോട് ബോളായപ്പോള്‍ രണ്ടാം പന്തില്‍ ഭുവിയുടെ തന്ത്രം പൊതിഞ്ഞുവിട്ട സ്ലോ ബോള്‍ ബാറ്ററുടെ എല്ലാ ശ്രദ്ധയും തെറ്റിച്ചു

ട്രിനിഡാഡ്: ലൈന്‍, ലെങ്‌ത്, സ്വിങ്, വേരിയേഷന്‍...ഇന്ത്യന്‍ പേസര്‍മാരില്‍ കൃത്യതയുടെ പര്യായമാണ് ഭുവനേശ്വര്‍ കുമാര്‍(Bhuvneshwar Kumar). ഫോമിലെങ്കില്‍ ആരും മോഹിച്ചുപോകുന്ന സുന്ദര പന്തുകള്‍ ഭുവിയുടെ കയ്യില്‍ നിന്ന് അനായാസം ഒഴുകും. പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ തകര്‍ത്ത് പന്തെറിയുന്ന ഭുവനേശ്വറിന്‍റെ ഒരു സുന്ദര ബോള്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍(WI vs IND 1st T20I) കാണാനായി. തകര്‍പ്പനടിക്കാരന്‍ ഷമാര്‍ ബ്രൂക്ക്‌സിനേയാണ് ഭുവി ബൗള്‍ഡാക്കിയത്. 

തന്‍റെ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയ ഭുവി രണ്ടാം വരവില്‍ ഗംഭീര ഓവര്‍ എറിഞ്ഞു. വിന്‍ഡീസ് ഇന്നിംഗ്‌സിലെ ആറാം ഓവറിലായിരുന്നു ഇത്. ആദ്യ പന്ത് ഡോട് ബോളായപ്പോള്‍ രണ്ടാം പന്തില്‍ ഭുവിയുടെ തന്ത്രം പൊതിഞ്ഞുവിട്ട സ്ലോ ബോള്‍ ബാറ്ററുടെ എല്ലാ ശ്രദ്ധയും തെറ്റിച്ചു. ബ്രൂക്ക്‌സിന്‍റെ ലെഗ്‌ സ്റ്റംപിന്‍റെ ബെയ്‌ല്‍സ് തെറിച്ചു. 15 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 20 റണ്‍സാണ് ഷമാര്‍ ബ്രൂക്ക്‌സ് നേടിയത്. ഈ ഓവറിലെ അടുത്ത നാല് പന്തുകളും ഡോട് ആക്കിയ ഭുവി വിക്കറ്റ് മെയ്‌‌ഡന്‍ പേരിലാക്കി. ഇതോടെ വിന്‍ഡീസ് പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 42-3 എന്ന നിലയില്‍ പ്രതിരോധത്തിലായി. 

Scroll to load tweet…

മത്സരത്തില്‍ 68 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്ണോയ്, രവി അശ്വിന്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 190-6, വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 122-8. വിന്‍ഡീസ് ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും ഇരുപതിനപ്പുറം കടക്കാനായില്ല. 20 റണ്‍സെടുത്ത ഓപ്പണര്‍ ഷമാര്‍ ബ്രൂക്ക്‌സാണ് ടോപ് സ്‌കോറര്‍. നായകന്‍ നിക്കോളാസ് പുരാന്‍ 18 റണ്‍സില്‍ പുറത്തായി.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 44 പന്തില്‍ 64 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ ആര്‍ അശ്വിനെ കൂട്ടുപിടിച്ച് ദിനേശ് കാര്‍ത്തിക് നടത്തിയ ഫിനിഷിംഗ് ഇന്ത്യയെ 190 റണ്‍സിലെത്തിക്കുകയായിരുന്നു. കാര്‍ത്തിക് 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 41 റണ്‍സെടുത്തു. അശ്വിന്‍ 10 പന്തില്‍ 13* റണ്‍സും. വിന്‍ഡീസിനായി പേസര്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.

Dinesh Karthik : ഇടിവെട്ട് ഡികെ, പൂരപ്പറമ്പാക്കി ഫിനിഷിംഗ്; 'ദ് ഫിനിഷര്‍' എന്ന് വാഴ്‌ത്തിപ്പാടി ആരാധകര്‍