ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിനാണ് വിന്‍ഡീസ് ബൗളറുടെ മണ്ടത്തരത്തില്‍ വിചിത്ര റണ്ണൗട്ടില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത് 

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ ആദ്യ ടി20യില്‍(WI vs IND 1st T20I) വീന്‍ഡീസ് താരത്തിന്‍റെ മണ്ടത്തരം കണ്ട് തലയില്‍ കൈവെച്ചിരിക്കുകയാണ് ആരാധകര്‍. ഇന്ത്യന്‍ വാലറ്റക്കാരന്‍ രവിചന്ദ്ര അശ്വിനെ(R Ashwin) റണ്ണൗട്ടാക്കാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും ബെയ്‌ല്‍സ് ഇളക്കാതെ നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു വിന്‍ഡീസ് പേസര്‍ ഒബെഡ് മക്കോയി(Obed McCoy). ആരാധകര്‍ക്ക് പൊട്ടിച്ചിരി സമ്മാനിക്കുന്നതായി ഈ ദൃശ്യങ്ങള്‍. 

ആരും തലയില്‍ കൈവെച്ചുപോകും

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ കൂറ്റനടിക്കാരായ റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും പുറത്തായതോടെ അവസാന ഓവറുകളില്‍ പരമാവധി റണ്‍സ് ചേര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ദിനേശ് കാര്‍ത്തിക്കും ആര്‍ അശ്വിനും. 18-ാം ഓവറില്‍ ഒബെഡ് മക്കോയിയെ ലോംഗ് ഓഫിലേക്ക് അടിച്ചകറ്റി ഡികെ ഡബിളിന് ശ്രമിച്ചു. രണ്ടാം റണ്ണിനായുള്ള ഓട്ടം പൂര്‍ത്തിയാക്കാന്‍ ക്രീസിലേക്ക് ഡൈവ് ചെയ്തെങ്കിലും അശ്വിന്‍ പുറത്താവേണ്ടതായിരുന്നു. എന്നാല്‍ പന്ത് കൈയ്യില്‍ ഭദ്രമായി കിട്ടിയിട്ടും മക്കോയി ബെയ്‌ല്‍സ് ഇളക്കാന്‍ തയ്യാറായില്ല. ക്രീസിന് ഏറെ ദൂരം പുറത്തായിരുന്നു അശ്വിന്‍ ഈസമയം. 

Scroll to load tweet…

നിര്‍ണായകമായി ഡികെയും അശ്വിനും 

മത്സരത്തില്‍ 68 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്ണോയ്, രവിചന്ദ്ര അശ്വിന്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 190-6, വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 122-8. വിന്‍ഡീസ് ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും ഇരുപതിനപ്പുറം കടക്കാനായില്ല. 20 റണ്‍സെടുത്ത ഓപ്പണര്‍ ഷമാര്‍ ബ്രൂക്ക്‌സാണ് ടോപ് സ്‌കോറര്‍. നായകന്‍ നിക്കോളാസ് പുരാന്‍ 18 റണ്‍സില്‍ പുറത്തായി.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 44 പന്തില്‍ 64 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍ പൂജ്യത്തിലും ഹാര്‍ദിക് പാണ്ഡ്യ ഒന്നിലും രവീന്ദ്ര ജഡേജ 16ലും മടങ്ങി. അവസാന ഓവറുകളില്‍ ആര്‍ അശ്വിനെ കൂട്ടുപിടിച്ച് ദിനേശ് കാര്‍ത്തിക് നടത്തിയ ഫിനിഷിംഗ് ഇന്ത്യയെ 190 റണ്‍സിലെത്തിക്കുകയായിരുന്നു. കാര്‍ത്തിക് 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 41 റണ്‍സെടുത്തു. അശ്വിന്‍ 10 പന്തില്‍ 13* റണ്‍സും. ഡികെ-അശ്വിന്‍ സഖ്യം പുറത്താകാതെ നേടിയ 52 റണ്‍സ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. വിന്‍ഡീസിനായി പേസര്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.

WI vs IND : സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കി; മയമില്ലാതെ രോഹിത്തിനെയും ദ്രാവിഡിനേയും വിമര്‍ശിച്ച് കൈഫ്