Asianet News MalayalamAsianet News Malayalam

പന്ത് പിടിക്ക് ചേട്ടാന്ന് സഞ്‍ജു... ആദ്യം നിലത്തിട്ടു, പിന്നെ കയ്യിലൊതുക്കി സിറാജ്; ഒടുവില്‍ കൂട്ടച്ചിരി

പന്ത് പിടിക്കാന്‍ സിറാജിനോട് ആംഗ്യം കാട്ടി സഞ്ജു പറയുന്നത് ടെലിവിഷന്‍ റിപ്ലേയില്‍ കാണാനായിരുന്നു

WI vs IND 2nd ODI Watch Sanju Samson and Mohammed Siraj funny moments
Author
Port of Spain, First Published Jul 25, 2022, 10:34 AM IST

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ മിന്നും ഫോമിലാണ് സഞ്ജു സാംസണ്‍(Sanju Samson). ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ ജയിപ്പിച്ച സേവുമായി സഞ്ജു സാമൂഹ്യമാധ്യമങ്ങളില്‍ താരമായപ്പോള്‍ രണ്ടാം മത്സരത്തിലും(WI vs IND 2nd ODI) പറക്കും വിക്കറ്റ് കീപ്പിംഗ് പ്രകടനങ്ങള്‍ ഏറെ കാണാനായി. ഇതിനിടെ പേസര്‍ മുഹമ്മദ് സിറാജിനൊപ്പം(Mohammed Siraj) വിക്കറ്റിന് പിന്നില്‍ രസകരമായ ഒരു നിമിഷവും സഞ്ജുവിനുണ്ടായി. 

നാടകീയം അവസാന ഓവര്‍

വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്‌സിലെ അവസാന ഓവര്‍ എറിയാനെത്തിയത് കഴിഞ്ഞ ഏകദിനം ഓര്‍മ്മിപ്പിച്ച് മുഹമ്മദ് സിറാജായിരുന്നു. സിറാജിന്‍റെ രണ്ടാം പന്തില്‍ ബൈ റണ്‍ ഓടിയെടുക്കാന്‍ ഷെഫേഡും ഹൊസൈനും പാഞ്ഞപ്പോള്‍ പന്തെറിഞ്ഞ് കൊടുത്ത് പിടിക്കാന്‍ സിറാജിനോട് ഉറക്കെ വിളിച്ചുപറഞ്ഞു സഞ്ജു. എന്നാല്‍ ലാന്‍ഡിംഗിന് ശേഷം നിയന്ത്രണം നഷ്‌ടപ്പെട്ട സിറാജിന് പന്ത് പിടിക്കാനായില്ല. ബൈ റണ്‍ വീണ്ടും വഴങ്ങാതിരിക്കാന്‍ ഒരു പന്തിന്‍റെ ഇടവേളയില്‍ സഞ്ജു ഒരിക്കല്‍ക്കൂടി സമാനമായി പന്ത് എറിഞ്ഞുകൊടുത്തപ്പോള്‍ സിറാജ് അത് സുന്ദരമായി കൈവശമാക്കുകയും ചെയ്തു. പന്ത് പിടിക്കാന്‍ സിറാജിനോട് ആംഗ്യം കാട്ടി സഞ്ജു പറയുന്നത് ടെലിവിഷന്‍ റിപ്ലേയില്‍ കാണാനായി. ഇരുവരും പരസ്‌പര നോക്കി ചിരിക്കുന്നതും ഇതിന് ശേഷം കാണാമായിരുന്നു. മത്സരത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്നായി ഇത് മാറി. 

ആദ്യ ഏകദിനത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് സഞ്ജു പുറത്തെടുത്തതിനും ആരാധകര്‍ സാക്ഷിയായി. സ‍ഞ്ജു 51 പന്തില്‍ മൂന്ന് വീതം ബൗണ്ടറികളും സിക്‌സുകളും സഹിതം 54 റണ്‍സെടുത്തു. കന്നി ഏകദിന അര്‍ധ സെഞ്ചുറി കണ്ടെത്തിയ സഞ്ജു സാംസണ്‍ റണ്ണൗട്ടിലൂടെ നിര്‍ഭാഗ്യവാനായി മടങ്ങി. കരിയറിലെ മൂന്നാമത്തെ മാത്രം ഏകദിന ഇന്നിംഗ്‌സിലാണ് സ‌ഞ്ജുവിന്‍റെ ഫിഫ്റ്റി. ആദ്യ ഏകദിനത്തില്‍ അഞ്ചാമനായി ക്രിസിലെത്തിയ സഞ്ജു സാംസണ്‍ 18 പന്ത് നേരിട്ട് ഒരു സിക്‌സറോടെ 12 റണ്ണേ നേടിയിരുന്നുള്ളൂ. ഇതോടെ സഞ്ജുവിന്‍റെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഈ വിമര്‍ശനങ്ങളേയെല്ലാം സഞ്ജു മറികടന്നു. 

ഇത് അക്‌സര്‍ വിജയം 

മത്സരത്തില്‍ സഞ്ജുവിന് പുറമെ ശ്രേയസ് അയ്യരും(63), തകര്‍പ്പന്‍ ഫിനിഷിംഗുമായി അക്‌സര്‍ പട്ടേലും തിളങ്ങിയപ്പോള്‍ രണ്ട് വിക്കറ്റിന്‍റെ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. വിന്‍ഡീസിന്‍റെ 311 റണ്‍സ് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. അക്‌സര്‍ 35 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുകളും സഹിതം 64 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സിന്‍റെ അവസാന ഓവറിലെ നാലാം പന്തില്‍ സിക്‌സുമായാണ് അക്‌സര്‍ ഇന്ത്യക്ക് ജയവും പരമ്പരയും സമ്മാനിച്ചത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്(135 പന്തില്‍ 115), നായകന്‍ നിക്കോളാസ് പുരാന്‍(77 പന്തില്‍ 74) എന്നിവരുടെ മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 311 റണ്‍സെടുത്തു. കെയ്‌ല്‍ മയേര്‍സ് 39 ഉം ഷമാര്‍ ബ്രൂക്ക്‌സ് 35 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ഹൂഡയും അക്‌സറും ചഹാലും ഓരോ വിക്കറ്റും നേടി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനം 27-ാം തിയതി പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടക്കും. ഇതിന് ശേഷം അഞ്ച് ടി20കളിലും ഇരു ടീമും മുഖാമുഖം വരും.  

കിട്ടിയതെല്ലാം തിരിച്ചുകൊടുത്ത് സഞ്ജു-അക്‌സര്‍ ബാറ്റിംഗ് ഷോ; ഉറക്കം മുതലായെന്ന് ആരാധകര്‍

Follow Us:
Download App:
  • android
  • ios