മഴയല്ലാതെ മറ്റൊരു ഘടകം താരങ്ങളെ കുഴക്കാനിടയുണ്ട് എന്ന് ഇന്ത്യന്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് പറയുന്നു
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിന്(WI vs IND 4th T20I) ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ കാലാവസ്ഥ ഒരു വെല്ലുവിളിയാണ്. 70 ശതമാനം മേഘാവൃതമായിരിക്കുന്ന അന്തരീക്ഷത്തില്‍ മത്സരത്തിന് മുമ്പ് മഴ പെയ്യാനിടയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ മത്സരസമയത്ത് മഴ പെയ്യുമെന്ന പ്രവചനമില്ലാത്തത് ആശ്വാസകരമാണ്. എങ്കിലും മറ്റൊരു ഘടകം താരങ്ങളെ കുഴക്കും എന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്(Dinesh Karthik) പറയുന്നു.
'നിങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഒരുപാട് ഘടകങ്ങള്‍ വന്നേക്കാം, പ്രത്യേകിച്ച് കരീബിയനിലും മിയാമിയിലും. കാറ്റ് വലിയൊരു ഘടകമാകും. കനമുള്ള പന്തുകൊണ്ടാണ് കളിക്കുന്നതെങ്കിലും കാറ്റ് ബൗണ്ടറിലൈനിലെ ഫീല്‍ഡര്‍മാരെയും ബാറ്റര്‍മാരേയും പ്രതിസന്ധിയിലാക്കാം. ഇരു ടീമിനും ഇത് അനുകൂലവും പ്രതികൂലവുമാകാം' എന്നും ഡികെ പറയുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലെ ലൗഡര്‍ഹില്ലിലുള്ള സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയമാണ് വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ നാലാം ടി20 മത്സരത്തിന് വേദിയാവുന്നത്.
നാലാം ടി20ക്ക് ഏഴരയ്‌ക്കാണ് നിലവില്‍ ടോസ് തീരുമാനിച്ചിരിക്കുന്നത്. മത്സരത്തിന് തൊട്ടു മുമ്പ് വരെ മഴ പെയ്താല്‍ ഗ്രൗണ്ട് ഒരുക്കുന്നതിനായി കൂടുതല്‍ സമയം വേണ്ടി വരും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിന് ആരംഭിക്കേണ്ട മത്സരം വൈകി തുടങ്ങാനുളള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്ലോറിഡയിലെ ലൗഡർഹില്ലിലെ പിച്ചിന്‍റെ പ്രവചനാതീത സ്വഭാവം മത്സരത്തെ ആവേശകരമാക്കുമെന്നാണ് ആരാധകർ കരുതുന്നത്. ഇവിടെ നടന്ന നാലു മത്സരങ്ങളിൽ രണ്ടെണ്ണം ഇന്ത്യ ജയിച്ചപ്പോൾ ഒരെണ്ണം വിൻഡീസ് ജയിച്ചു. ഒരു മത്സരം മഴമൂലം ഫലമില്ലാതെ ഉപേക്ഷിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ന് മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സഞ്ജുവിന് ആദ്യ ടി20 മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിനെ പുറത്തിരുത്തി ഫോമിലല്ലാത്ത ശ്രേയസ് അയ്യരെ കളിപ്പിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.
ഇന്ത്യ-വിന്‍ഡീസിസ് നാലാം ടി20; ആരാധകരെ നിരാശരാക്കി കാലാവസ്ഥാ പ്രവചനം
