രാജ്യാന്തര ടി20യില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും 20 മത്സരങ്ങളിലാണ് ഇതുവരെ മുഖാമുഖം വന്നിട്ടുള്ളത് 

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന്(WI vs IND 1st T20I) ടീം ഇന്ത്യ(Team India) ഇറങ്ങുന്നത് ഏറെ ആത്മവിശ്വാസത്തോടെയാണ്. ഏകദിന പരമ്പര തൂത്തുവാരിയ ടീമിനൊപ്പം സ്ഥിരം നായകന്‍ രോഹിത് ശര്‍മ്മയടക്കമുള്ള(Rohit Sharma) വമ്പന്‍മാര്‍ എത്തുന്നത് തന്നെ ഒരു കാരണം. മറ്റൊരു കാരണവും ഇന്ത്യന്‍ ടീമിന് മത്സരത്തിന് മുമ്പ് ഏറെ ശുഭാപ്‌തിവിശ്വാസം നല്‍കുന്നതാണ്. 

രാജ്യാന്തര ടി20യില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും 20 മത്സരങ്ങളിലാണ് ഇതുവരെ മുഖാമുഖം വന്നത്. ഇതില്‍ ആറ് തവണ വിന്‍ഡീസ് ജയിച്ചപ്പോള്‍ 13 ജയങ്ങള്‍ ഇന്ത്യക്കായിരുന്നു എന്നതാണ് ശ്രദ്ധേയം. ക്രിസ് ഗെയ്‌ല്‍ അടക്കമുള്ള വമ്പന്‍മാര്‍ അണിനിരന്ന വിന്‍ഡീസ് ടീമിനോട് വരെ ഏറ്റുമുട്ടിയാണ് ഇന്ത്യയുടെ ഈ വിജയചരിത്രം. ഒരു മത്സരത്തില്‍ ഫലമില്ലാതായി എന്നതും ശ്രദ്ധേയം. ഇന്ന് മത്സരം നടക്കുന്ന ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ഇരു ടീമും ഇതുവരെ മുഖാമുഖം വന്നിട്ടില്ല. സമീപകാലത്തും കരീബിയന്‍ ടീമിനെതിരെ മികച്ച റെക്കോര്‍ഡാണ് നീലപ്പടയ്‌ക്കുള്ളത്. അവസാനം ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും നേരിട്ട അഞ്ച് കളികളില്‍ നാല് ജയവും ഇന്ത്യക്കായിരുന്നു. 

വിന്‍ഡീസില്‍ നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ട് വീതം വിജയങ്ങള്‍ ടീമുകള്‍ പങ്കിട്ടു. ഇന്ത്യന്‍ താരങ്ങളില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകാരന്‍ രോഹിത് ശര്‍മ്മ(111*)യാണ്. ടി20യില്‍ വിന്‍ഡീസിനെതിരെ ഇതുവരെ രോഹിത്തിന് 585 റണ്‍സുണ്ട് എന്നതും ടീമിന് ആത്മവിശ്വാസമാണ്. ഏറ്റവും കൂടുതല്‍ വിക്കറ്റ് ഭുവനേശ്വര്‍ കുമാറിന്‍റെ(10 വിക്കറ്റ്) പേരിലാണ്. രോഹിത്തും ഭുവിയും ഇന്ന് കളിക്കുമെന്നത് ടീമിനെ സന്തോഷിപ്പിക്കും. 

വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്ക് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യയില്‍ ഡിഡി സ്‌പോര്‍ട്‌സിലൂടെയാണ് തല്‍സമയ സംപ്രേഷണം. ഫാന്‍ കോഡ് ആപ്ലിക്കേഷന്‍ വഴി ലൈവ് സ്ട്രീമിംഗുമുണ്ട്. അഞ്ച് മത്സരങ്ങളില്‍ അവസാനത്തെ രണ്ടെണ്ണം അമേരിക്കയിലാണ് നടക്കുക. ഏകദിന പരമ്പര തൂത്തുവാരിയ ആവേശത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ടി20യായതിനാല്‍ വിന്‍ഡീസിനെ എഴുതിത്തള്ളാനാവില്ല. 

WI vs IND : ആദ്യ ടി20യുടെ രസം കവരാന്‍ മഴയെത്തുമോ? ആശങ്കയുടെ ഇടിമിന്നലായി കാലാവസ്ഥാ റിപ്പോര്‍ട്ട്