വെതര്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 32 ഡിഗ്രി സെല്‍ഷ്യസായിരിക്കും പകല്‍സമയം ട്രിനിഡാഡിലെ താപനില. രാത്രി 24 ഡിഗ്രി സെല്‍ഷ്യസും.
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയിലെ വിജയത്തുടര്‍ച്ചയ്‌ക്ക് ടീം ഇന്ത്യ ഇന്നിറങ്ങുകയാണ്. വിന്‍ഡീസിന് എതിരായ ആദ്യ ടി20(WI vs IND 1st T20I) ഇന്ന് ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍(Brian Lara Stadium Tarouba) നടക്കും. അവസാന ഏകദിനത്തിലെ പോലെ മഴയുടെ കളി ഇന്നുണ്ടാകുമോ ഇന്ന് ട്രിനിഡാഡില്‍?
വെതര്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് 32 ഡിഗ്രി സെല്‍ഷ്യസായിരിക്കും പകല്‍സമയം ട്രിനിഡാഡിലെ താപനില. രാത്രി 24 ഡിഗ്രി സെല്‍ഷ്യസും. എന്നാല്‍ പകലും രാത്രിയും ഇടിമിന്നല്‍ സാധ്യത പ്രവചിച്ചിട്ടുണ്ട്. പകല്‍ 36 ശതമാനവും രാത്രി 61 ശതമാനവും മഴയ്‌ക്ക് സാധ്യതയും കല്‍പിക്കുന്നു. അതിനാല്‍ തന്നെ വിന്‍ഡീസ്-ഇന്ത്യ ആദ്യ ടി20യില്‍ മഴ കളിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിന് മുമ്പ് കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ മാത്രം നടന്നിട്ടുള്ള ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഏറെ ആശങ്ക നല്‍കുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടാണിത്.
വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്ക് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യയില്‍ ഡിഡി സ്‌പോര്‍ട്‌സിലൂടെയാണ് തല്‍സമയ സംപ്രേഷണം. ഫാന്‍ കോഡ് ആപ്ലിക്കേഷന്‍ വഴി ലൈവ് സ്ട്രീമിംഗുമുണ്ട്. അഞ്ച് മത്സരങ്ങളില്‍ അവസാനത്തെ രണ്ടെണ്ണം അമേരിക്കയിലാണ് നടക്കുക. ഏകദിന പരമ്പര തൂത്തുവാരിയ ആവേശത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.
അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്ക് പൂര്‍ണമായും ഭേദമാകാത്ത കെ എല്‍ രാഹുലിന് പകരമാണ് സഞ്ജു ടീമിലെത്തിയത്. രാഹുല്‍ കൊവിഡില്‍ നിന്ന് മുക്തനായെങ്കിലും ബിസിസിഐ ഒരു ആഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചിരുന്നു. ബിസിസിഐ വെബ്‌സൈറ്റില്‍ പുറത്തുവിട്ട സ്‌ക്വാഡില്‍ സഞ്ജുവിന്റെ പേരുമുണ്ട്. രാഹുലിനെ ഒഴിവാക്കിയതായും കാണാം. ഏകദിന പരമ്പരയില്‍ ഫോമിലായിരുന്നെങ്കിലും ഇന്ന് ആദ്യ ടി20യില്‍ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന് വ്യക്തമല്ല.
വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ സഞ്ജുവും; കെ എല്‍ രാഹുലിനെ ഒഴിവാക്കി
