മുംബൈ: രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്  താരങ്ങള്‍ക്ക് ആശ്വാസവാര്‍ത്തയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കരാര്‍ സമ്പ്രദായം നടപ്പിലാക്കുമെന്ന് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി സൂചന നല്‍കി. ഫസ്റ്റ് ക്ലാസ് കളിക്കാരില്‍ സുരക്ഷിതത്വ ബോധമുണ്ടാക്കുന്നതാണ് ഗാംഗുലിയുടെ പ്രസ്താവന. ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്ന കളിക്കാരുടെ പ്രതിഫലം ആനുപാതികമായി വര്‍ധിപ്പിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കുള്ളതുപോലെ വാര്‍ഷിക കരാര്‍ സമ്പ്രദായം നടപ്പിലാക്കുന്നത് നൂറുകണക്കിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്ക് കരാര്‍ സമ്പ്രദായം നടപ്പിലാക്കുന്നതിനായി പുതിയ ഫിനാന്‍സ് കമ്മിറ്റിയോട് നടപടികള്‍ തുടങ്ങാന്‍ ആവശ്യപ്പെടുമെന്നും ഗാംഗുലി പറഞ്ഞു. ദീപാവലി അവധി കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന ഒരു കളിക്കാരന് കളിക്കുന്ന മത്സരങ്ങളുടെ എണ്ണം അനുസരിച്ച് 25-മുതല്‍ 30 ലക്ഷം രൂപവരെയാണ് ലഭിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്ക് മാച്ച് ഫീ ആയി 35000 രൂപ(ദിവസം), ദിവസ അലവന്‍സും ലഭിക്കും. ഇതിന് പുറമെ ബിസിസിഐക്ക് സംപ്രേക്ഷണാവകാശം വഴി ലഭിക്കുന്ന തുകയുടെ 13 ശതമാനവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്ക് വീതിച്ചു നല്‍കും. ഇന്ത്യയിലെപോലെ വലിയൊരു രാജ്യത്തെ ആയിരക്കണക്കിന് കളിക്കാരെ കരാര്‍ സമ്പ്രദായത്തിലും ഗ്രേഡിംഗിലും കൊണ്ടുവരുക എന്നത് ബിസിസിഐയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.