സിഡ്നി: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ പ്രധാന താരങ്ങളിലൊരാളാണ് ന്യൂസിലന്‍ഡ് നായകനായ കെയ്ന്‍ വില്യംസണ്‍. ഡേവിഡ് വാര്‍ണര്‍ വിലക്ക് നേരിട്ടപ്പോള്‍ ഹൈദരാബാദിന്‍റെ നായകുമായിരുന്നു വില്യംസണ്‍. എന്നാല്‍ വരും സീസണില്‍ വില്യംസണ്‍ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ക്രിക്കറ്റ് ലോകത്ത് അടുത്തകാലത്തായി പ്രചരിച്ചിരുന്നു. വില്യംസണ്‍ ടീം വിടുമോ എന്ന ചോദ്യത്തിന് നേരിട്ട് മറുപടി നല്‍കിയിരിക്കുകയാണ് ഹൈദരാബാദിന്‍റെ നായകനായ ഡേവിഡ് വാര്‍ണര്‍.

ട്വിറ്ററില്‍ ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് വാര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്. കെയ്ന്‍ വില്യംസണ്‍ ടീം വിടുന്നുവെന്നും അടുത്ത സീസണില്‍ അദ്ദേഹം മറ്റൊരു ടീമില്‍ കളിക്കുമെന്നും വാര്‍ത്തകളുണ്ട്. ഇതില്‍ വ്യക്തത വരുത്താമോ എന്നായിരുന്നു എം കെ ഗുപ്ത എന്ന ആരാധകന്‍ ട്വിറ്ററില്‍ വാര്‍ണറോട് ചോദിച്ചത്.

എന്നാല്‍ ഇക്കാര്യം താന്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം എവിടേക്കും പോകുന്നില്ലെന്നും വാര്‍ണര്‍ മറുപടി നല്‍കി. ഈ സീസണില്‍ സണ്‍റൈസേഴ്സിനായി 12 മത്സരങ്ങള്‍ കളിച്ച വില്യംസണ്‍ 45 റണ്‍സ് ശരാശരിയില്‍ 133 പ്രഹരശേഷിയില്‍ 317 റണ്‍സടിച്ചിരുന്നു.