അടുത്ത സീസണിൽ ധോണി കളിക്കുമോ എന്നത് തീർച്ചയായും അടുത്ത വർഷം മാത്രമേ എല്ലാവർക്കും അറിയാൻ സാധിക്കൂ. എനിക്ക് പോലും അത് അടുത്ത വർഷമേ അറിയാനാകൂ.
ചെന്നൈ: ഐപിഎല്ലിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പുറത്തായതിന് പിന്നാലെ, ആരാധകർ ഉറ്റുനോക്കുന്ന എം.എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ച് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ്. ഇന്നലെ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്‍റെ കനത്ത തോൽവി വഴങ്ങിയാണ് സിഎസ്‌കെയുടെ പ്ലേഓഫ് മോഹങ്ങൾ പൊലിഞ്ഞത്.

ഐപിഎൽ ചരിത്രത്തിലെ 19 സീസണുകളിൽ ഇതാദ്യമായാണ് എം.എസ് ധോണി ഒരു മത്സരത്തിൽ പോലും കളിക്കാതെ ഒരു സീസൺ പൂർത്തിയാക്കുന്നത്. ധോണിയുടെ അസാന്നിധ്യം ചെന്നൈ നിരയെ കാര്യമായി ബാധിച്ചുവെന്ന് സമ്മതിച്ച ഗെയ്ക്‌വാദ്, അടുത്ത സീസണിൽ ധോണി മടങ്ങിയെത്തുമോ എന്ന ചോദ്യത്തിനും സമ്മാനദാനച്ചടങ്ങിനിടെ വ്യക്തമായ സൂചന നൽകി.
അടുത്ത സീസണിൽ ധോണി കളിക്കുമോ എന്നത് തീർച്ചയായും അടുത്ത വർഷം മാത്രമേ എല്ലാവർക്കും അറിയാൻ സാധിക്കൂ. എനിക്ക് പോലും അത് അടുത്ത വർഷമേ അറിയാനാകൂ. നിലവിൽ അതിനെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നായിരുന്നു റുതുരാജിന്‍റെ മറുപടി. ധോണി ക്രീസിലുണ്ടാക്കുന്ന ഇംപാക്ട് ഈ സീസണിൽ ടീമിന് വലിയ നഷ്ടമായിരുന്നുവെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. ധോണിയുടെ അസാന്നിധ്യം ഞങ്ങൾക്ക് വലിയൊരു തിരിച്ചടി തന്നെയാണ്. അവസാന ഓവറുകളിൽ എതിരാളികളിൽ ഭയമുണ്ടാക്കാനും കളി ഒറ്റയ്ക്ക് മാറ്റാനും ധോണിക്ക് സാധിക്കുമായിരുന്നു. ഈ സീസണിൽ ഞങ്ങൾ അദ്ദേഹത്തെ ഒരുപാട് മിസ്സ് ചെയ്തു. അടുത്ത സീസണിൽ എന്താണ് സംഭവിക്കുക എന്ന് പ്രവചിക്കാനാകില്ല-റുതുരാജ് പറഞ്ഞു.
ഐപിഎല്ലിൽ വലിയ പ്രതീക്ഷകളോടെ വന്ന സിഎസ്‌കെക്ക് 14 മത്സരങ്ങളിൽ 6 വിജയങ്ങളും 8 തോൽവികളുമാണ് നേടാനായത്. ടീമിന്‍റെ മോശം പ്രകടനത്തിന് പിന്നിലെ കാരണങ്ങളും ഗെയ്ക്‌വാദ് തുറന്നുപറഞ്ഞു.ജാമി ഓവർട്ടൺ, ഓൾറൗണ്ടർ രാമകൃഷ്ണ ഘോഷ് എന്നിവർക്ക് പരിക്കേറ്റത് ടീമിന്‍റെ പ്ലേയിംഗ് ഇലവനെ താളംതെറ്റിച്ചു. അവസാന മൂന്ന് മത്സരങ്ങളിൽ ഒരു പ്രോപ്പർ ബാറ്ററുടെയോ ബൗളറുടെയോ കുറവുമായാണ് ടീം ഗ്രൗണ്ടിലിറങ്ങിയത്.
സിഎസ്‌കെ ഇപ്പോൾ വലിയൊരു മാറ്റത്തിന്‍റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ടീമിലെ 8 മുതൽ 10 വരെ കളിക്കാർ 20-ൽ താഴെ മാത്രം ഐപിഎൽ മത്സര പരിചയമുള്ളവരാണ്.ഞങ്ങൾ ഒരു യുവനിരയുമായാണ് കളിക്കുന്നത് എന്ന് പുറത്തുള്ളവർ പെട്ടെന്ന് സമ്മതിച്ചുതരില്ല. എങ്കിലും ഈ ടൂർണമെന്‍റിൽ യുവതാരങ്ങൾക്ക് മികച്ച പരിചയസമ്പത്ത് നേടാൻ ഈ സീസൺ സഹായിച്ചു. എവിടെയൊക്കെയാണ് ഞങ്ങൾക്ക് പിഴച്ചത് എന്ന് മനസിലാക്കാൻ സാധിച്ചു. ഇത്രയും പ്രതിസന്ധികൾക്കിടയിലും ആറ് മത്സരങ്ങൾ ജയിക്കാൻ കഴിഞ്ഞതിൽ ഈ ടീമിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്-റുതുരാജ് ഗെയ്ക്‌വാദ് വ്യക്തമാക്കി.
