ഇത്തവണ ഞങ്ങള്‍ക്ക ഈദ് ആഘോഷമില്ല, പുതിയ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനിയ മാറ്റിവെച്ച മുഴുവന്‍ പണവും സമൂഹത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് നല്‍കാനാണ് തീരുമാനം.

ലക്നോ:ഇക്കൊല്ലം ഈദ് ആഘോഷമില്ലെന്ന് ക്രിക്കറ്റ് താരം സര്‍ഫ്രാസ് ഖാന്‍. ഈദ് ആഘോഷിക്കാനും പുതിയ വസ്ത്രങ്ങള്‍ വാങ്ങാനുമായി മാറ്റിവെച്ച തുക സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും അത്യാവശ്യക്കാര്‍ക്കും നല്‍കുമെന്നും സര്‍ഫ്രാസ് വ്യക്തമാക്കി. പിതാവും പരിശീലകനുമായ നൗഷാദ് ഖാനൊപ്പം ജന്‍മനാടായ അസംഗഡില്‍ കൊറൊണ ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി സര്‍ഫ്രാസ് ഭക്ഷണ പൊതികളും കുപ്പിവെള്ളവും വിതരണം ചെയ്തിരുന്നു.

ഇത്തവണ ഞങ്ങള്‍ക്ക ഈദ് ആഘോഷമില്ല, പുതിയ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനിയ മാറ്റിവെച്ച മുഴുവന്‍ പണവും സമൂഹത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് നല്‍കാനാണ് തീരുമാനം. സാമ്പത്തികമായി നല്ല നിലയിലുള്ളവരെല്ലാം ഈ സമയത്ത് പാവപ്പെട്ടവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നാണ് എനിക്ക് പറയാനുള്ളത്-സര്‍ഫ്രാസ് പറഞ്ഞു.

Also Read:ദൈവമേ...ആ ക്യാച്ച് അവന്‍ കൈവടിരുതേ എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു, ശ്രീശാന്തിന്റെ ക്യാച്ചിനെക്കുറിച്ച് ഉത്തപ്പ

കൊറോണ ഭീതി മൂലം സ്വന്തം നാടുകളിലേക്ക് മടങ്ങാനൊരുങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഞങ്ങള്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്തിരുന്നു. ദിവസങ്ങളായുള്ള യാത്രമൂലം അവരെല്ലാം വിശപ്പിലും ദാഹത്തിലുമാണ് ജീവിക്കുന്നത്. റംസാന്‍ കാലത്ത് നമ്മളെല്ലാം നോമ്പ് എടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണവും വെള്ളവും ഓരോരുത്തര്‍ക്കും എത്രമാത്രം പ്രധാനമാണെന്ന് തിരിച്ചറിയാനുമാവും-സര്‍ഫ്രാസ് പറഞ്ഞു.

ഇത്തവണത്തെ രഞ്ജി സീസണില്‍ മിന്നുന്ന ഫോമിലായിരുന്നു സര്‍ഫ്രാസ് ഖാന്‍. ആറ് മത്സരങ്ങളില്‍ 154 റണ്‍സ് ശരാശരിയില്‍ 928 റണ്‍സാണ് സര്‍ഫ്രാസ് അടിച്ചെടുത്തത്. നേരത്തെ ഇന്ത്യന്‍ അണ്ടര്‍ 19 ടീം അംഗമായ യശസ്വി ജയ്‌സ്വാളും പരിശീലകന്‍ ജ്വാലാ സിംഗും മുംബൈയിലെ ഗ്രൗണ്ട് ജീവനക്കാര്‍ക്ക് ഭക്ഷണ പാക്കറ്റുകളും റേഷന്‍ കിറ്റും വിതരണം ചെയ്തിരുന്നു.