ബംഗലൂരു: ടി20 ലോകകപ്പ് ഫൈനലില്‍ മിസ്ബാ ഉള്‍ ഹഖിനെ പുറത്താക്കാന്‍ ശ്രീശാന്ത് എടുത്ത ക്യാച്ചിനെക്കുറിച്ച് മനസുതുറന്ന് മുന്‍ സഹതാരം റോബിന്‍ ഉത്തപ്പ. അനായാസ ക്യാച്ചുകള്‍ പോലും കൈവിട്ടിട്ടുള്ള ശ്രീശാന്തിനുനേരെ മിസ്ബയുടെ സ്കൂപ്പ് ഷോട്ട് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ആ ക്യാച്ചെങ്കിലും അവന്‍ കൈവിടരുതേയെന്ന് ദൈവത്തോട് ഉള്ളുരുകി പ്രാര്‍ഥിച്ചുവെന്ന് ഉത്തപ്പ പറഞ്ഞു. ബിബിസിയുടെ ദൂസ്‌ര പോഡ്‌കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.

2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ ജൊഗീന്ദര്‍ ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ലോംഗ് ഓണിലായിരുന്നു ഞാന്‍ ഫീല്‍ഡ് ചെയ്തിരുന്നത്. ആദ്യ പന്ത് ജൊഗീന്ദര്‍  ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞപ്പോള്‍ ഞാന്‍ ആശ്വസിച്ചു. സിക്സ് അടിച്ചില്ലല്ലോ എന്ന്. എന്നാല്‍ അടുത്ത പന്തില്‍ മിസ്ബ സിക്സ് പറത്തി. അപ്പോഴും ഞാന്‍ മനസില്‍ പറഞ്ഞുകൊണ്ടിരുന്നു. ഇനിയും നമുക്ക് സാധ്യതയുണ്ട്.

Also Read: ദ്രാവിഡിനോട് മോശമായി പെരുമാറിയിട്ടില്ല: വെളിപ്പെടുത്തലുമായി ശ്രീശാന്ത്

എല്ലാ കാര്യങ്ങളും പാക്കിസ്ഥാന് അനുകൂലമായി നീങ്ങുമ്പോഴും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. നമുക്ക് ജയിക്കാനാകുമെന്നാണ്. മൂന്നാം പന്തില്‍ ആയിരുന്നു മിസ്ബയുടെ സ്കൂപ്പ്. ആ സ്കൂപ്പ് ഫൈന്‍ ലെഗ്ഗിലേക്ക് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ശ്രീശാന്തായിരുന്നു ഫീല്‍ഡര്‍.  മുമ്പ് പലപ്പോഴും അനായാസ ക്യാച്ചുകള്‍ പോലും കൈവിട്ടിട്ടുള്ളവനാണ് അവന്‍. അത്രയും അനായാസമായി കൈപ്പിടിയിലൊതുക്കാവുന്ന ക്യാച്ചുകള്‍ പോലും അവന്‍ കൈവിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

അതുകൊണ്ടുതന്നെ അവന്റെ നേരെ പന്ത് ഉയര്‍ന്ന് പൊങ്ങിയപ്പോള്‍ ലോംഗ് ഓണില്‍ നിന്ന് ഞാന്‍ വിക്കറ്റിന് അടുത്തേക്ക് ഓടി. ഉള്ളുരുകി പ്രാര്‍ഥിച്ചു, ദൈവമേ, അവനിത് കൈവടിരുതേയെന്ന്, ഇതവന്റെ കൈയില്‍ നില്‍ക്കണേയെന്ന്. ഇപ്പോഴും ആ ക്യാച്ചിന്റെ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് മനസിലാവും, ആ ക്യാച്ച് എടുത്തശേഷം അവനെങ്ങോട്ടാണ് നോക്കുന്നതെന്ന്. ഇപ്പോഴും ഞാന്‍ വിശ്വിസിക്കുന്നു, അത് വിധിയായിരുന്നു, അതാണ് നമുക്ക് ലോകകപ്പ് നേടിത്തന്നത്.