കൊച്ചി: ഇത്തവണ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് മലയാളി താരം ശ്രീശാന്ത്. എന്നെ പുറത്താക്കിയ ഐപിഎല്ലിലൂടെ തന്നെ എല്ലാവര്‍ക്കുമുള്ള മറുപടി നല്‍കുമെന്നും ശ്രീശാന്ത് പിടിഐയോട് പറഞ്ഞു.

കേരളത്തിനായി മികച്ച പ്രകടനം നടത്തനായാല്‍ തീര്‍ച്ചയായുംഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കും. എന്നെ താല്‍പര്യമുള്ള ടീമുകളുണ്ടായേക്കാം. വീണ്ടും ഐപിഎല്‍ കളിക്കാനാവുമെന്ന് ഞാനെന്നോട് തന്നെ എപ്പോഴും പറയാറുണ്ട്. അവിടെനിന്ന് എന്നെ ഒരിക്കല്‍ പുറത്താക്കിയതാണ്. അവിടേക്ക് തന്നെ തിരിച്ചെത്താനാകുമെന്നും മത്സരങ്ങള്‍ ജയിക്കാനാകുമെന്നും എനിക്കുറപ്പുണ്ട്.എല്ലാറ്റിനും എനിക്ക് മറുപടി നല്‍കാനുള്ള ഉചിതമായ വേദിയായിരിക്കും ഐപിഎല്‍. ഒരുപക്ഷെ ഇന്ത്യക്കായി വീണ്ടും കളിക്കാനും അതുവഴി എനിക്ക് അവസരം ഒരുങ്ങിയേക്കും.

എന്റെ ഇപ്പോഴത്തെ എല്ലാ പേടിയും തിരിച്ചുവരവില്‍ എന്റെ ആദ്യമത്സരം കാണുമ്പോള്‍ ആളുകള്‍ എന്തു പറയുമെന്നാണ്. എനിക്കുറപ്പുണ്ട്, ആളുകള്‍ തിരിച്ചറിയും, എന്തെല്ലാം പ്രതിസന്ധിയിലൂടെയാണ് ഞാന്‍ കടന്നു പോയതെന്നും ആരൊക്കെയായിരുന്നു അതിന് പിന്നിലെന്നും. ഐപിഎല്ലില്‍ കളിക്കാനുള്ള മികവ് പുറത്തെടുക്കാനാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്-ശ്രീശാന്ത് പറഞ്ഞു.


ഇന്ത്യക്കായി വീണ്ടും കളിക്കാനാകുമെന്നും 2023 ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി പന്തെറിയാനാകുമെന്നും ആത്മവിശ്വാസമുണ്ടെന്ന് 37കാരനായ ശ്രീശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കായി പന്തെറിയണമെന്ന് ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.

ഐപിഎല്ലില്‍ മൂന്ന് ടീമുകള്‍ക്ക് വേണ്ടി ഇതുവരെ 44 മത്സരങ്ങളാണ് ശ്രീശാന്ത് കളിച്ചത്. രാജസ്ഥാന്‍ റോയല്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ് ടീമുകള്‍ക്ക് വേണ്ടിയാണ് ശ്രീശാന്ത് ഇതുവരെ കളിച്ചിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണവും വിലക്കും വന്നത്.

ഇന്ത്യക്കായി 27 ടെസ്റ്റിലും 53 ഏകദിനത്തിലും 10 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ശ്രീശാന്തിന് ഐപിഎല്‍ ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇത് ഏഴ് വര്‍ഷമായി കുറച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ വിലക്ക് കാലാവധി തീരുന്ന ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.