മുംബൈ ഇന്ത്യൻസിന്‍റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടോസിനായി എത്തിയപ്പോഴാണ് ആരാധകര്‍ ഹാര്‍ദ്ദിക്കിനെ കൂവി തുടങ്ങിയത്.
മുംബൈ: ഇംഗ്ലണ്ടില്‍ നടന്ന 2019ലെ ഏകദിന ലോകകപ്പിനിടെ സ്റ്റീവ് സ്മിത്തിനെ ഇംഗ്ലണ്ടിലെ കാണികള്‍ കൂവിയപ്പോള്‍ അവരെ അതില്‍ നിന്ന് തടഞ്ഞതും സ്മിത്തിനായി കൈയടിക്കാന്‍ ആവശ്യപ്പെട്ടതും ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന വിരാട് കോലിയാണ്. കോലിയുടെ ആ പൃവര്‍ത്തിക്ക് സ്മിത്ത് പിന്നീട് നന്ദി പറഞ്ഞിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിന്‍റെ പേരിലായിരുന്നു ഇംഗ്ലണ്ടിലെ കാണികള്‍ സ്മിത്തിനെ കൂവിയത്.
എന്നാല്‍ മുംബൈ ഇന്ത്യന്‍സ് നായകനായി അരങ്ങേറിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ അഹമ്മദാബാദിലും ഹൈദരാബദിലും ആരാധകര്‍ കൂവിയപ്പോള്‍ അവരെ തടയാന്‍ മുന്‍ നായകന്‍ രോഹിത് ഇതുവരെ രംഗത്തുവന്നില്ല. ഇന്ന് വാംഖഡെയില്‍ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുമ്പോഴും ആരാധകര്‍ ഹാര്‍ദ്ദിക്കിനെ കൂവിയാല്‍ രോഹിത് അത് വിലക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലേതിനെക്കാള്‍ വലിയ കൂവലായിരിക്കും ഹാര്‍ദ്ദിക്കിനെ കാത്തിരിക്കുന്നതെന്ന് മുന്‍ താരം മനോജ് തിവാരി നേരത്തെ പറഞ്ഞിരുന്നു.
മുംബൈ ഇന്ത്യൻസിന്‍റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടോസിനായി എത്തിയപ്പോഴാണ് ആരാധകര്‍ ഹാര്‍ദ്ദിക്കിനെ കൂവി തുടങ്ങിയത്. പിന്നീട് രോഹിത് ചാന്‍റുയര്‍ത്തുകയും മത്സരത്തിലുടനീളം ഹാര്‍ദ്ദിക്കിനെ കൂവുകയും ചെയ്തു. എന്നാല്‍ ഇന്ന് സ്വന്തം മൈതാനത്ത് കാണികള്‍ എങ്ങനെയാവും ഹാര്‍ദ്ദിക്കിനെ സ്വീകരിക്കുക എന്ന ആകാംക്ഷ ക്രിക്കറ്റ് ലോകത്തിനുണ്ട്.
കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് തൊട്ടു മുമ്പ് അപ്രതീക്ഷിത നീക്കത്തിലൂടെ ഹാര്‍ദ്ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് സ്വന്തമാക്കുകയും പിന്നീട് രോഹിത്തിനെ മാറ്റി ക്യാപ്റ്റൻ സ്ഥാനം ഏല്‍പ്പിക്കുകയും ചെയ്തത് മുംബൈ ആരാധകര്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇന്ന് ഹാര്‍ദ്ദിക്കിനെ കൂവുന്നവരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ ഇത് പ്രസ്താവനയിലൂടെ നിഷേധിച്ചിരുന്നു. ഇന്ന് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഇറങ്ങുമ്പോഴെങ്കിലും ഹാര്‍ദ്ദിക്കിനെ കൂവരുതെന്ന് ആരാധകരോട് പറഞ്ഞ് രോഹിത് വീണ്ടു ഹീറോ ആകുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം കഴിഞ്ഞാല്‍ മതി.
