ഗാലെ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് അഞ്ചുദിന ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. നാളെ ശ്രീലങ്കയ്‌ക്കെതിരെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വില്യംസണ്‍. രണ്ട് വര്‍ഷം നീളുന്ന ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ മത്സരമാണിത്.

ഒരു പ്രധാന ട്രോഫി സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് കിവീസിനെ ഏകദിന ലോകകപ്പിന്റെ ഫൈനലിലേക്ക് നയിച്ച് വില്യംസണ്‍ വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... '''ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കുക. അതിനെ കുറിച്ച് ഓര്‍ക്കുന്നത് തന്നെ ആകാംക്ഷ വര്‍ധിപ്പിക്കുന്നു. 

ഇന്ത്യയെ മറികടന്ന് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിച്ചാല്‍ അത് വലിയകാര്യം. എന്നാലിപ്പോള്‍ ലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റില്‍ മാത്രമാണ് ശ്രദ്ധ.'' വില്യംസണ്‍ പറഞ്ഞുനിര്‍ത്തി.