മെല്‍ബണ്‍: വനിതാ ട്വന്‍റി 20 ലോകകപ്പിൽ കന്നിക്കിരീടത്തിനായി ഇന്ത്യ ഇന്നിറങ്ങും. നിലവിലെ ജേതാക്കളും ആതിഥേയരുമായ ഓസ്ട്രേലിയയാണ് എതിരാളികള്‍. മെൽബണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് ഫൈനല്‍ തുടങ്ങും. അപരാജിതരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞ മാസം ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തിൽ ഓസീസിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു.

ഓസീസ് ആറാമത്തെ ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ആദ്യ ഫൈനലാണിത്. ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ ഇന്ത്യ, ഷഫാലി വര്‍മ്മ , പൂനം യാദവ് എന്നിവരുടെ മികവിലാണ് പ്രതീക്ഷ വയ്ക്കുന്നത്. കിരീടം മാത്രമാണ് ലക്ഷ്യമെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, ഇന്ത്യന്‍ പുരുഷ ടീം നായകന്‍ വിരാട് കോലി എന്നിവരടക്കം വനിതാ ടീമിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.