2008ൽ ഐപിഎൽ വന്നതിന് പിന്നാലെ മറ്റ് കായികയിനങ്ങളിലും പ്രൊഫഷണൽ ലീഗ് മത്സരങ്ങൾ വന്നത് ചൂണ്ടിക്കാട്ടി ജയ് ഷാ
മുംബൈ: വനിതാ പ്രീമിയർ ലീഗ് മറ്റ് കായികമേഖലയിലും വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. താരലേലത്തിന്‍റെ വൻവിജയത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ബിസിസിഐ സെക്രട്ടറി. 'യുവതാരങ്ങൾക്കും വളർന്നുവരാൻ മികച്ച അവസരമാകും വനിതാ പ്രീമിയർ ലീഗ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ക്രിക്കറ്റ് ആരാധകരുടെ പിന്തുണയും വലിയ ഊർജമാണ്. 2008ൽ ഐപിഎൽ വന്നതിന് പിന്നാലെ മറ്റ് കായികയിനങ്ങളിലും പ്രൊഫഷണൽ ലീഗ് മത്സരങ്ങൾ വന്നു. ഇത് തന്നെ വനിതാ വിഭാഗത്തിലും ആവർത്തിക്കുമെന്നും' ജയ് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.
മിന്നും മിന്നു മണി
ഇന്നലെയായിരുന്നു വനിതാ പ്രീമിയര്‍ ലീഗ് താരലേലം. ലേലത്തില്‍ വിറ്റുപോയ ഏക മലയാളി ക്രിക്കറ്റര്‍ മിന്നു മണിയാണ്. 30 ലക്ഷത്തിന് മിന്നു മണിയെ ഡൽഹി ക്യാപ്പിറ്റൽസ് പാളയത്തിലെത്തിക്കുകയായിരുന്നു. വയനാട്ടിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ക്രിക്കറ്റെന്ന വലിയ സ്വപ്നത്തിലേക്ക് നടന്ന് ഇന്ത്യൻ എ ടീമിന്‍റെ നീലക്കുപ്പായത്തിലും ഇടംപിടിച്ച താരമാണ് മിന്നു മണി. ഇടംകൈയ്യൻ ബാറ്ററും സ്പിന്നറുമാണ് മിന്നു. വനിതാ പ്രീമിയർ ലീഗിൽ മികച്ച പ്രകടനമാണ് ലക്ഷ്യമെന്ന് മിന്നു മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാർച്ച് 4 മുതൽ 26 വരെ മുംബൈയിലാണ് പ്രഥമ വനിതാ പ്രീമിയർ ലീഗ് നടക്കുക. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു വനിതകള്‍ക്കായുള്ള ഐപിഎല്‍.
താരമായി സ്‌മൃതിയും ഹര്‍മനും
വാശിയേറിയ താരലേലത്തില്‍ ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാനയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു. 3.40 ലക്ഷം രൂപക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി മന്ദാനയെ ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കായിരുന്നു ലേലം. ഇന്ത്യന്‍ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിനായും ശക്തമായ ലേലം വിളി നടന്നു. റോയല്‍ ചലഞ്ചേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള വാശിയേറിയ ലേലത്തിനൊടുവില്‍ 1.80 കോടി രൂപക്ക് മുംബൈ ടീം ഹര്‍മനെ സ്വന്തമാക്കുകയായിരുന്നു.
