30 ലക്ഷത്തിനാണ് മിന്നുവിനെ ഡല്‍ഹി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരും മിന്നുവിന് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹി മനസിലുറപ്പിച്ചപ്പോള്‍ എതിരാളികള്‍ പിന്മാറി.
തിരുവനന്തപുരം: സീനിയര്‍ വനിത ഇന്റര്‍ സോണല്‍ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസമാണ് സൗത്ത് സോണിനെ മലയാളി താരം മിന്നു മണി വിജയത്തിലേക്ക് നയിച്ചത്. വെസ്റ്റ് സോണിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ജയം. വെസ്റ്റ് സോണ്‍ 233ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ സൗത്ത് സോണ്‍ 48.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മിന്നു 91 പന്തില്‍ പുറത്താവാതെ നേടിയത് 74 റണ്‍സ്. നേരത്തെ, പന്തെറിഞ്ഞപ്പോള്‍ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.
ഇന്ന് ഈസ്റ്റ് സോണിനെതിരെ രണ്ടാം മത്സരത്തില്‍ ബാറ്റിംഗില്‍ തിളങ്ങാനായില്ല. 17 പന്തില്‍ 10 റണ്‍സുമായി മടങ്ങി. ബൗളിംഗില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ബാറ്റിംഗില്‍ തിളങ്ങാന്‍ സാധിക്കാതെ പോയതിലെ നിരാശ പ്രഥന വനിതാ ഐപിഎല്‍ താരലേലം തീരുന്നത് വരെ ഉണ്ടായിരുന്നുള്ളു. ലേലത്തിന് മിന്നുവിനെ ഡല്‍ഹി കാപിറ്റള്‍ല്‍സ് സ്വന്തമാക്കി. നിരവധി അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരമാണ് ഇപ്പോള്‍ മിന്നുവിന് വന്നുചേര്‍ന്നരിക്കുന്നത്. ആ സന്തോഷം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെക്കുകയാണ് മിന്നു.
30 ലക്ഷത്തിനാണ് മിന്നുവിനെ ഡല്‍ഹി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരും മിന്നുവിന് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹി മനസിലുറപ്പിച്ചപ്പോള്‍ എതിരാളികള്‍ പിന്മാറി. ഇരുന്നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമുളള ഇതിഹാസ താരങ്ങളായ ഓസ്‌ട്രേലിയയുടെ മെഗ് ലാന്നിംഗ്, ദക്ഷിണാഫ്രിക്കയുടെ മരിസാനെ കാപ്പ്, ഇന്ത്യന്‍ താരങ്ങളായ ജമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ശിഖ പാണ്ഡെ, രാധാ യാദവ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ടീമാണ് ഡല്‍ഹി കാപിറ്റല്‍സ്. ഇത്രത്തോളം ഉയര്‍ന്ന തലത്തില്‍ കളിക്കുന്ന താരങ്ങള്‍ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണെന്നാണ് മിന്നു പറയുന്നത്.
വയനാട് ജില്ലയിലെ മാനന്തവാടി, ചോയ്മൂലയില്‍ നിന്നുള്ള 23കാരി കൂലിപ്പണിക്കാരനായ കൈപ്പാട് മാവുംകണ്ടി മണിയുടേയും വസന്തയുടേയും മകളാണ്. പരിശീലനത്തിനും മറ്റും വലിയ തുക ആവശ്യമാണ്. കുടുംബം മുന്നോട്ടുപോകുന്നും പരിശീലനം നടക്കുന്നതുമെല്ലാം ക്രിക്കറ്റ് കളിച്ച് നേടുന്ന വരുമാനം കൊണ്ടാണെന്ന് മിന്നു പറയുന്നു. വീട്ടിചെലവും കഴിഞ്ഞ് പോകുന്നത് മാച്ച് ഫീയില്‍ നിന്ന്. എന്തായാലും വനിതാ ഐപിഎല്‍ കളിക്കുന്നതോടെ കാര്യങ്ങളെല്ലാം സുരക്ഷിതമാവുമെന്ന പ്രതീക്ഷ മിന്നുവിനുണ്ട്. പ്രത്യേകിച്ച് ഒരു താരത്തോടും ആരാധനയില്ല മിന്നുവില്ല. എന്നാല്‍ സ്മൃതി മന്ദാനയോ വിരാട് കളിക്കുന്ന ചില ഷോട്ടുകളോക്കെ ഇഷ്ടമാണെന്നും മിന്നു പറയുന്നു.
മാനന്തവാടി ജിവിഎച്ച്എസ്എസില്‍ എട്ടില്‍ പഠിക്കുമ്പോള്‍ കായിക അധ്യാപിക എത്സമ്മയാണ് മിന്നുവിലെ കായിക താരത്തെ കണ്ടെത്തിയത്. അനുമോള്‍ ബേബി, ഷാനവാസ് എന്നിവരായിരുന്നു ആദ്യ പരിശീലകര്‍. തൊടുപുഴയിലെ ജൂനിയര്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചതോടെയാണ് അവസരങ്ങള്‍ തേടി എത്തിയത്. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, യൂത്ത് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, പ്രോമിസിങ് പ്ലെയര്‍ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

ഓഫ് സ്പിന്നര്‍ കൂടിയായ ഈ ഇരുപത്തിമൂന്നുകാരി കേരളത്തിനായി അണ്ടര്‍ 16 മുതലുള്ള എല്ലാ വിഭാഗത്തിലും കളിച്ചു. ചരിത്രത്തിലാദ്യമായി കേരളം അണ്ടര്‍ 23 ചാംപ്യന്‍മാരായപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു മിന്നു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിലും ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനിലും ഇന്ത്യ എ ടീമിലുമെത്തിച്ചു.
വനിതാ ഐപില്‍ താരലേലം: അണ്ടര്‍ 19 ലോകകപ്പ് ടീമിനൊപ്പമുണ്ടായിരുന്ന മലയാളി താരം നജ്‌ല കാത്തിരിക്കണം!
