Asianet News MalayalamAsianet News Malayalam

നാണക്കേട് ഒഴിവാക്കാനായില്ല; വെലോസിറ്റിക്കെതിരെ ട്രയ്ല്‍ബ്ലേസേഴ്‌സിന് ഒമ്പത് വിക്കറ്റ് ജയം

 ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മിതാലി രാജിന്റെ സംഘത്തെ 47ന് പുറത്താക്കിയ സ്മൃതി മന്ദാനയും കൂട്ടരും 7.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ട്രയ്ല്‍ബ്ലേസേഴ്‌സിന് ആദ്യ മത്സരമായിരുന്നു ഇന്ന്.

Womens T20 Challenge 2020 Trailblazers won over Velocity by Nine Wickets
Author
Sharjah, First Published Nov 5, 2020, 5:54 PM IST

ഷാര്‍ജ: വനിത ടി20 ചലഞ്ചില്‍ വെലോസിറ്റിക്കെതിരെ ട്രയ്ല്‍ബ്ലേസേഴ്‌സിന് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മിതാലി രാജിന്റെ സംഘത്തെ 47ന് പുറത്താക്കിയ സ്മൃതി മന്ദാനയും കൂട്ടരും 7.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ട്രയ്ല്‍ബ്ലേസേഴ്‌സിന് ആദ്യ മത്സരമായിരുന്നു ഇന്ന്. ജയത്തോടെ അവര്‍ രണ്ട് പോയിന്റുമായി ഒന്നാമതെത്തി. വെലോസിറ്റി രണ്ടാമതാണ്. ഇന്നലെ പരാജയപ്പെട്ട ഹര്‍മന്‍പ്രീത് കൗറിന്റെ സൂപ്പര്‍നോവാസ് മൂന്നാം സ്ഥാനത്താണ്. ഏഴിന് നടക്കുന്ന മത്സത്തില്‍ ട്രയ്ല്‍ബ്ലേഴ്‌സിനെ നല്ല മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ സൂപ്പര്‍നോവാസിന് ഫൈനലില്‍ പ്രവേശിക്കാന്‍ കഴിയൂ.

മറുപടി ബാറ്റിങ്ങില്‍ മന്ദാനയുടെ (6) വിക്കറ്റ് മാത്രമാണ് ട്രയ്ല്‍ബ്ലേസേഴ്‌സിന് നഷ്ടമായത്. ദിയേന്ദ്ര ദോതിന്‍ (28 പന്തില്‍ 29), റിച്ച ഘോഷ് (10 പന്തില്‍ 13) എന്നിവര്‍ പുറത്താവാതെ നിന്നു. ലെയ്ഖ് കാസ്‌പെറെകിനാണ് വിക്കറ്റ്. നേരത്തെ  നാല് വിക്കറ്റ് നേടിയ സോഫി എക്ലെസ്റ്റോണിന്റെ പ്രകടനാണ് വെലോസിറ്റിയെ തകര്‍ത്തത്.  രണ്ട് വിക്കറ്റ് വീതം നേടിയ ജുലന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്കവാദ് എന്നിവരും നിര്‍ണായക സാന്നിധ്യമായി. 

Womens T20 Challenge 2020 Trailblazers won over Velocity by Nine Wickets

13 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഷെഫാലിക്ക് പുറമെ ഡാനിയേലാ വ്യാറ്റ് (3), മിതാലി രാജ് (1), വേദ കൃഷ്ണമൂര്‍ത്തി (0), സുഷമ വര്‍മ (1), സുനെ ലുസ് (4), ശിഖ പാണ്ഡെ (10), സുശ്രീ ദിബ്യദര്‍ശിനി (0), എക്ത ബിഷ്ട് (0), ജഹന്നാര ആലം (1) എന്നിവരുടെ വിക്കറ്റുകളാണ് വെലോസിറ്റിക്ക് നഷ്ടമായത്. ലൈഖ് കാസ്‌പെറെക് (11) പുറത്താവാതെ നിന്നു. മൂന്നാം ഓവറില്‍ തന്നെ ഷെഫാലിയെ ഗോസ്വാമി വിക്കറ്റ് തെറിപ്പിച്ചു. പിന്നാലെയെത്തിയ മിതാലിക്ക് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. എക്ലെസ്റ്റോണ്‍ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 

തൊട്ടടുത്ത പന്തില്‍ എക്ലെസ്റ്റോണ്‍ വേദയുടെ വിക്കറ്റെടുത്തു. രണ്ടാം ഓവര്‍ എറിയാനെത്തിയ ഗോസ്വാമി വ്യാറ്റിനെ മടക്കി. തൊട്ടടുത്ത ഓവറില്‍ സുഷമയെ എക്ലെസ്റ്റോണ്‍ വിക്കറ്റ് തെറിച്ചതോടെ തകര്‍ച്ച പൂര്‍ണായി. തുടര്‍ന്നുള്ള വന്ന വഴി മടങ്ങിയതോടെ വെലോസിറ്റിയുടെ സ്‌കോര്‍ 47ല്‍ ഒതുങ്ങി. 

ഇന്നലെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസിനെ തോല്‍പ്പിച്ച ടീമാണ് വെലോസിറ്റി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍നോവാസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ വെലോസിറ്റി 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios