ഷാര്‍ജ: വനിത ടി20 ചലഞ്ചില്‍ സ്മൃതി മന്ഥാന നയിക്കുന്ന ട്രയ്ല്‍ബ്ലേസേഴ്‌സിനെതിരായ മത്സരത്തില്‍ മിതാലി രാജിന്റെ വെലോസിറ്റി തരിപ്പണമായി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വെലോസിറ്റി 15.1 ഓവറില്‍ 47 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ സോഫി എക്ലെസ്റ്റോണ്‍, രണ്ട് വിക്കറ്റ് വീതം നേടിയ ജുലന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്കവാദ് എന്നിവരാണ് വെലോസിറ്റിയെ തകര്‍ത്തത്. 13 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. 

ഷെഫാലിക്ക് പുറമെ ഡാനിയേലാ വ്യാറ്റ് (3), മിതാലി രാജ് (1), വേദ കൃഷ്ണമൂര്‍ത്തി (0), സുഷമ വര്‍മ (1), സുനെ ലുസ് (4), ശിഖ പാണ്ഡെ (10), സുശ്രീ ദിബ്യദര്‍ശിനി (0), എക്ത ബിഷ്ട് (0), ജഹന്നാര ആലം (1) എന്നിവരുടെ വിക്കറ്റുകളാണ് വെലോസിറ്റിക്ക് നഷ്ടമായത്. ലൈഖ് കാസ്‌പെറെക് (11) പുറത്താവാതെ നിന്നു. മൂന്നാം ഓവറില്‍ തന്നെ ഷെഫാലിയെ ഗോസ്വാമി വിക്കറ്റ് തെറിപ്പിച്ചു. പിന്നാലെയെത്തിയ മിതാലിക്ക് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. എക്ലെസ്റ്റോണ്‍ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 

തൊട്ടടുത്ത പന്തില്‍ എക്ലെസ്റ്റോണ്‍ വേദയുടെ വിക്കറ്റ് തെറിപ്പിച്ചു. രണ്ടാം ഓവര്‍ എറിയാനെത്തിയ ഗോസ്വാമി വ്യാറ്റിനെ മടക്കി. തൊട്ടടുത്ത ഓവറില്‍ സുഷമയെ എക്ലെസ്റ്റോണ്‍ വിക്കറ്റ് തെറിച്ചതോടെ തകര്‍ച്ച പൂര്‍ണായി. തുടര്‍ന്ന് വന്നവര്‍ വന്ന വഴി മടങ്ങിയതോടെ വെലോസിറ്റിയുടെ സ്‌കോര്‍ 47ല്‍ ഒതുങ്ങി. 

ഇന്നലെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസിനെ തോല്‍പ്പിച്ച ടീമാണ് വെലോസിറ്റി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍നോവാസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ വെലോസിറ്റി 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.