മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ഷെഫാലി വര്‍മ്മയും സ്‌മൃതി മന്ദാനയും ആക്രമിച്ച് തുടങ്ങിയതോടെ ഇന്ത്യ പ്രതീക്ഷയിലായിരുന്നു

കേപ്‌ടൗണ്‍: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യ. ആദ്യ കളിയില്‍ പാക് വനിതകളെ പരാജയപ്പെടുത്തിയ ഹര്‍മന്‍പ്രീത് കൗറും സംഘവും വെസ്റ്റ് ഇന്‍ഡീസ് വനിതകളെ ആറ് വിക്കറ്റിന് തോല്‍പിച്ചു. വിന്‍ഡീസ് മുന്നോട്ടുവെച്ച 119 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി ഇന്ത്യ സ്വന്തമാക്കി. ബൗളിംഗില്‍ ദീപ്‌തി ശര്‍മ്മയും ബാറ്റിംഗില്‍ ഹര്‍മന്‍പ്രീത് കൗറും റിച്ച ഘോഷും ഇന്ത്യക്കായി തിളങ്ങി. 15 റണ്‍സിന് മൂന്ന് വിക്കറ്റുമായി ദീപ്‌തിയാണ് കളിയിലെ താരം. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം. 

വീണ്ടും റിച്ച ഷോ

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ഷെഫാലി വര്‍മ്മയും സ്‌മൃതി മന്ദാനയും ആക്രമിച്ച് തുടങ്ങിയതോടെ ഇന്ത്യ പ്രതീക്ഷയിലായി. എന്നാല്‍ ഏഴ് പന്തില്‍ 10 റണ്‍സെടുത്ത് നില്‍ക്കേ മന്ദാനയെ കരിഷ്‌മയുടെ പന്തില്‍ റഷാഡ വില്യംസ് സ്റ്റംപ് ചെയ്‌തത് തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ അര്‍ധസെഞ്ചുറി കുറിച്ച് വിജയശില്‍പിയായ ജെമീമ റോഡ്രിഗസിനും തിളങ്ങാനായില്ല. അഞ്ച് പന്തില്‍ 1 റണ്‍സ് മാത്രം നേടിയ ജെമീമയെ ഹെയ്‌ലി മാത്യൂസ് റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. കരിഷ്‌മയ്‌ക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ച് ഷെഫാലിയും(23 പന്തില്‍ 28) മടങ്ങിയതോടെ ഇന്ത്യ 7.1 ഓവറില്‍ 43-3. എന്നാല്‍ നാലാം വിക്കറ്റില്‍ ഹര്‍മന്‍പ്രീത് കൗര്‍-റിച്ച ഘോഷ് സഖ്യം 72 റണ്‍സ് കൂട്ടുകെട്ടുമായി തിളങ്ങി. വിജയത്തിന് 4 റണ്‍സ് അകലെ ഹര്‍മന്‍ പുറത്തായത് ബാധിച്ചില്ല. ഹര്‍മന്‍ 42 പന്തില്‍ 33 നേടി. റിച്ച 32 പന്തില്‍ 44* ഉം ദേവിക വൈദ്യ 0* റണ്‍സുമായും പുറത്താവാതെ നിന്നു.

മിന്നി ദീപ്‌തി ശര്‍മ്മ, 100 വിക്കറ്റ് ക്ലബില്‍ 

നേരത്തെ, ദീപ്‌തി ശര്‍മ്മയുടെ മൂന്ന് വിക്കറ്റ് പ്രകടനത്തില്‍ വിന്‍ഡീസ് വനിതകളെ 20 ഓവറില്‍ 118-6 എന്ന സ്കോറില്‍ ഇന്ത്യ ഒതുക്കിയിരുന്നു. മിന്നും ഫോം തുടരുന്ന ദീപ്‌തി ശര്‍മ്മ 4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് കവരുകയായിരുന്നു. വിന്‍ഡീസിനായി സ്റ്റെഫനീ ടെയ്‌ലറും ഷിമൈന്‍ കാംപ്‌ബെല്ലും തിളങ്ങി. ഇരുവരുടേയും വിക്കറ്റ് ദീപ്‌തി ശര്‍മ്മയ്‌ക്കായിരുന്നു. 36 പന്തില്‍ 30 റണ്‍സെടുത്ത കാംപ്‌ബെല്ലിനെ ദീപ്‌തി ശര്‍മ്മ എറിഞ്ഞ 14-ാം ഓവറിലെ മൂന്നാം പന്തില്‍ സ‌്മൃതി മന്ദാന തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. ഇതേ ഓവറിലെ അവസാന പന്തില്‍ ടെയ്‌ലറെ(40 പന്തില്‍ 42) എല്‍ബിയിലൂടെയും പറഞ്ഞയച്ചു. ദീപ്‌തിയുടെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ക്രീസ് വിട്ടിറങ്ങി സിക്‌സിന് ശ്രമിച്ച ആഫി ഫ്ലെച്ചര്‍(0) ബൗള്‍ഡായതോടെ ദീപ്‌തി മൂന്ന് വിക്കറ്റും രാജ്യാന്തര ടി20 കരിയറിലെ 100-ാം വിക്കറ്റും തികച്ചു. 

ഇന്ത്യക്കായി രേണുക സിംഗ് ഠാക്കൂറും പൂജ വസ്‌ത്രക്കറും ഓരോ വിക്കറ്റ് നേടി. ആറ് പന്തില്‍ 2 റണ്‍സ് നേടിയ ഓപ്പണര്‍ ഹെയ്‌ലി മാത്യൂസിനെ പൂജയും 13 പന്തില്‍ 15 റണ്‍സ് നേടിയ ഷബീക ഗജ്‌നാബിയെ രേണുകയും മടക്കി. നാല് പന്തില്‍ 2 റണ്‍സ് നേടിയ ഷിനേല്‍ ഹെന്‍‌റിയെ മന്ദാന-റിച്ച സഖ്യം റണ്ണൗട്ടാക്കുകയായിരുന്നു. ഇന്നിംഗ്‌സിലെ 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ 18 പന്തില്‍ 21* റണ്‍സുമായി ഷിഡീന്‍ നേഷനും 2 പന്തില്‍ 2* റണ്‍സുമായി റഷാഡ വില്യംസും പുറത്താവാതെ നിന്നു.

വിക്കറ്റ് വേട്ടയില്‍ സെഞ്ചുറി; റെക്കോര്‍ഡുകളുടെ ആകാശത്ത് ദീപ്‌തി ശര്‍മ്മ, പുരുഷന്‍മാരും പിന്നിലായി