മെല്‍ബണ്‍: ടി20 വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ കളിക്കുന്നത് വെറുക്കുന്നുവെന്ന് ഓസ്ട്രേലിയന്‍ ബൗളര്‍ മെഗാന്‍ ഷട്ട്. ഇന്ത്യന്‍ ഓപ്പണര്‍മാരായ ,ഷെഫാലി വര്‍മയും സ്മൃതി മന്ദാനയും തന്നെ അടിച്ചുപറത്തുമെന്നും ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ഷെഫാലി തനിക്കെതിരെ നേടിയ സിക്സര്‍ തന്നെ അടിച്ചിട്ടുള്ളതില്‍ ഏറ്റവും വലുതായിരുന്നുവെന്നും ഷട്ട് പറഞ്ഞു.

അതേസമയം, ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ തയാറാടുക്കയാണെന്നും ഷട്ട് വ്യക്തമാക്കി. പവര്‍ പ്ലേ ഓവറുകളില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ സ്മൃതിയോടും ഷെഫാലിയോടും മത്സരിക്കാനില്ലെന്നും തനിക്കെതിരെ അവര്‍ക്ക് അനായാസം റണ്ണടിക്കാനാവുമെന്നും ഷട്ട് പറഞ്ഞു.

ഫൈനലില്‍ ഇന്ത്യയെ നേരിടുക എന്നത് വലിയ വെല്ലുവിളിയാണ്. ലോകകപ്പിന് മുമ്പ് നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയും ഓസീസും ഏറ്റുമുട്ടിയിരുന്നു. സമീപകാലത്ത് ഇരു ടീമുകളും പരസ്പരം കളിച്ചിട്ടുണ്ട്. ഇത് ഇരു ടീമുകള്‍ക്കും ഒരുപോലെ ഗുണവും ദോഷവുമാണെന്നും ഷട്ട് പറഞ്ഞു.

മഴ മൂലം ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ജേതാക്കള്‍ എന്ന നലിയിലാണ് ഇന്ത്യ ആദ്യമായി ടി20 വനിതാ ലോകകപ്പിന്റെ ഫൈനലില്‍ എത്തിയത്. മഴ തടസപ്പെടുത്തിയ കളിയില്‍ ദക്ഷിണാഫ്രിക്കയെ അഞ്ച് റണ്‍സിന് വീഴ്ത്തിയാണ് ഓസീസ് ഫൈനലില്‍ എത്തിയത്. വനിതാ ദിനമായ ഞായറാഴ്ചയാണ് ഫൈനല്‍.