മെല്‍ബണ്‍: വനിതാ ട20 ലോകകപ്പ് ഫൈനലില്‍ ഞായറാഴ്ച ഓസ്ട്രേലിയയെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ വനിതാ ടീമിന് വിജയാശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കിരീടപ്പോരാട്ടത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണ്‍ ട്വിറ്ററില്‍ മോദിയെ ഓര്‍മിപ്പിച്ചപ്പോഴാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന് വിജയാശംസ നേര്‍ന്നത്.

ഹേ, നരേന്ദ്ര മോദി, വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും മെല്‍ബണില്‍ നാളെ ഏറ്റുമുട്ടുകയാണ്. വനിതാ ക്രിക്കറ്റിലെ രണ്ട് മുന്‍നിര ടീമുകള്‍ മെല്‍ബണിലെ ജനസാഗരത്തിന് മുന്നില്‍ പോരാടാന്‍ ഇറങ്ങുന്നു. ആവേശകരമായ മത്സരം കാണാനാകുമെന്നുറപ്പ്. അവസാനം ഓസ്ട്രേലിയ ജയിക്കുമെന്നും എന്നായിരുന്നു മോദിയെ ടാഗ് ചെയ്ത് സ്കോട് മോറിസന്റെ ട്വീറ്റ്.

എന്നാല്‍ വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനലിനോളം വലിയൊരു പോരാട്ടമില്ലെന്ന് മറുപടി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ ദിനത്തില്‍ ഇരു ടീമിനും വിജയാശംസ നേര്‍ന്നു. നീല മലകള്‍ പോലെ ഏറ്റവും മികച്ച ടീം നാളെ വിജയിക്കട്ടെ എന്ന് പറഞ്ഞ മോദി മെല്‍ബണ്‍ നാളെ നീലക്കടലാകുമെന്നും സ്കോട് മോറിസണ് മറുപടി നല്‍കി.

ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ഫൈനലാണ് നാളെ മെല്‍ബണില്‍. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയുടെ ആറാം ഫൈനല്‍ ആണ് നാളെ. ഇതുവരെ കളിച്ച അഞ്ച് ഫൈനലുകളില്‍ നാല് തവണ കിരീടം നേടുകയും ചെയ്തു.